Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന ഹർജിയിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സംസ്ഥാന സർക്കാർ.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു . എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാർ ഹർജിയിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ കോടതിയോട് സാവകാശം തേടി. സിബി ഐയ് ക്കും ഇ ഡി യ്ക്കും നോട്ടീസ് നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. കേസ് കോടതി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. പ്രാദേശിക തലത്തിൽ കൂട്ടരാജി നടന്നിരുന്നു. രാജിവച്ചത് മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, കെ.ഐ. പ്രഭാകരൻ എന്നിവർ. ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇവർ രാജിവച്ചത്.

ഇതിനിടെ കരുവന്നൂർ തട്ടിപ്പ് പ്രതികൾ തിരുവില്വാമല ഗസ്റ്റ് ഹൗസിൽ താമസിച്ചെന്ന് സംശയത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ഗസ്റ്റ് ഹൗസിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ റബ്കോയുമായി ബന്ധപ്പെട്ട രേഖകളും ബ്രോഷറുകളും കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഉല്ലാസ്, ജോർജ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.