കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രതികളെ ബാങ്കില്‍ തെളിവെടുപ്പിനെത്തിച്ചു. പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. കേസിലെ ഒന്നാംപ്രതിയാണ് സുനില്‍കുമാര്‍. ഭരണസമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ ഇയാള്‍ പലര്‍ക്കും ബാങ്കില്‍ അംഗത്വം നല്‍കിയെന്ന് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ ഒരു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിലവില്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു പേരാണ് പ്രതികളായിട്ടുള്ളത്. ഈ ആറു പേരും 50 കോടിയിലധികം രൂപ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ 200 കോടിയിലധികം രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നതായി ഇ.ഡി. നേരത്തെ കണ്ടെത്തിയിരുന്നു. കരുവന്നൂര്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് പ്രാദേശിക സിപിഐഎം നേതാക്കള്‍ കൂട്ടമായി രാജിവച്ചത്. രാജിവച്ചത് മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, കെ.ഐ. പ്രഭാകരന്‍ എന്നിവര്‍. ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതി പ്രതിഷേധിച്ചാണ് ഇവര്‍ രാജിവച്ചത്. അതിനിടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി. രംഗത്തെത്തിയിരുന്നു.