കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ മറ്റ് സിപിഐഐഎം ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് ഉടനുണ്ടായേക്കും. തട്ടിപ്പില്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ മുറയ്ക്കാകും അറസ്റ്റ്.
ബാങ്ക് ഇടപാടുകളില്‍ വായ്പാ രേഖകളുടെ പരിശോധന അന്തിമ ഘട്ടത്തിലാണ്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ആളുകളുടെയും മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്. നിലവില്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തി കണക്കാക്കിയാണ് കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം കേസിലെ അഞ്ചാം പ്രതി കിരണിനെ ഇതുവരെ അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല.
അതേസമയം കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. എതിര്‍ സത്യവാങ് മൂലം നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
നാല് ഭരണ സമിതി അംഗങ്ങളാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. സിപിഐഎം പ്രാദേശിക നേതാക്കളായ ബാങ്ക് മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍, ടി എസ് ബൈജു, വി കെ ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.