Kerala

ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക

ഒക്ടോബർ മാസം അവസാനം വരെ ആളുകൾ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് കാർണാടക സർക്കാരിൻ്റെ നിർദ്ദേശം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കർണാടക ആരോഗ്യമന്ത്രി സുധാകർ കെ ആണ് ഇക്കാര്യം അറിയിച്ചത്. (Karnataka public visit Kerala)

കേരളത്തിൽ ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതിൽ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 133 പേർ പുറത്ത് നിന്നും വന്നവരാണ്. 24,253 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1261 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേർ രോഗമുക്തി നേടി. 2,37,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,93,877 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,18,684 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,85,749 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 32,935 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2464 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം,, കൊവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയായിരുന്നു കർഫ്യൂ.

ജനസംഖ്യയുടെ 70 ശതമാനം ആളുകളും കൊവിഡ് വാക്സിൻ സ്വീകരിച്ചതിനാൽ ഇനി കർഫ്യൂവും ലോക്ക്ഡൗണും ഏർപ്പെടുത്തേണ്ടതില്ലെന്നായിരുന്നു നിർദ്ദേശമുയർന്നത്. ഓണത്തിനു ശേഷം ഭയപ്പെട്ട രീതിയിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യാതിരുന്നതും തീരുമാനത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.