പിതൃമോക്ഷത്തിന് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. ആലുവ മണപ്പുറം, തിരുനാവായ, തിരുനെല്ലി തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ബലികര്‍മങ്ങള്‍ നടത്താന്‍ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കർക്കിടക വാവിന് ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ആലുവ മണപ്പുറത്ത് വിപുലമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. മണപ്പുറത്ത് നാളെ രാവിലെ 8 മണി വരെ ബലിതർപ്പണ ചടങ്ങുകൾ നടക്കും.
തിരുവനന്തപുരം ശംഖുമുഖത്ത് കടൽക്ഷോഭത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. കടലിന്റെ ഒരു വശത്ത് മാത്രമാണ് വിശ്വാസികൾക്ക് പിണ്ഡം ഒഴുക്കാൻ അനുമതിയുണ്ടായിരുന്നത്. തിരുവല്ലത്തും പാപനാശത്തും വലിയ തിരക്കുണ്ടായിരുന്നു. ത്രിമൂര്‍ത്തി സംഗമസ്ഥാനമായ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം പുലര്‍ച്ചെ രണ്ട് മണി മുതല്‍ ആരംഭിച്ചു. പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്താന്‍ ഇവിടെയെത്തി. ഭാരതപ്പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു. വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങി. പുലര്‍ച്ചെ മുതല്‍ തന്നെ ആയിരങ്ങളാണ് തിരുനെല്ലിയിലെത്തിയത്.