Kerala

കരിപ്പൂർ സ്വർണക്കടത്ത്; മാഫിയ തലവൻ ഉൾപ്പെടെ മൂന്ന് പേർ കൂടി പിടിയിൽ

കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മാഫിയ തലവൻ പെരുച്ചാഴി അപ്പു ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ജസീർ, അബ്ദുൽ സലിം എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ.

കഴിഞ്ഞ ആഴ്ചയാണ് കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിലെ ഒരാളായ മുഹമ്മദ് റാഫി പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി ലഭിച്ചത്. സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉടൻ കസ്റ്റംസ് ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ജൂണിലാണ് കൊടുവള്ളി വാവാട് സ്വദേശി സൂഫിയാൻ (31) കൊണ്ടോട്ടി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു സൂഫിയാൻ. സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സൂഫിയാന്റെ കീഴടങ്ങലിന് മുൻപേ സൂഫിയാന്റെ സഹോദരൻ ഫിജാസ് പിടിയിലായിരുന്നു. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന് പിന്നാലെയായിരുന്നു സൂഫിയാന്റെ കീഴടങ്ങൽ.

കരിപ്പൂർ സ്വർണ്ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് പ്രതി സുഫിയാൻ പറഞ്ഞിരുന്നു. സ്വർണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാൻ കസ്റ്റംസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നിരന്തരമായി അർജുൻ തന്നെയും കൂട്ടരെയും ആക്രമിക്കുന്നു, അതുകൊണ്ടുമാത്രമാണ് വിമാനത്താവളത്തിൽ പോയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ സുഫിയാൻ അറിയിച്ചു. അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വർണം അല്ല എന്നും മുൻപ് സ്വർണ്ണം കടത്തിയപ്പോൾ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സുഫിയാൻ പറഞ്ഞു. സ്വർണ്ണക്കടത്തുകാരെ ആക്രമിച്ച് അർജുൻ സ്വർണ്ണം തട്ടിയിരുന്നു എന്നും സുഫിയാൻ വ്യക്തമാക്കിയിരുന്നു.