Kerala

കരിപ്പൂര്‍ വിമാനദുരന്തം; അപകടകാരണം വ്യക്തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇനിയും പുറത്ത് വന്നിട്ടില്ല

കരിപ്പൂര്‍ വിമാനദുരന്തത്തിൻ്റെ ഒന്നാം വാർഷിക ദിനത്തിലും അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇനിയും പുറത്ത് വന്നിട്ടില്ല. 21 പേര്‍ക്ക് ജീവന്‍ നഷ്ടമായ അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്. വിമാനക്കമ്പനിയായ ബോയിംഗില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നുവെന്നാണ് അന്വേഷണ ഏജന്‍സി നല്‍കുന്ന വിശദീകരണം. (karipur mishap reason unknown)

കരിപ്പൂരിലെ അപകടകാരണം അന്വേഷിക്കാന്‍ ഓഗസ്റ്റ് 13ന് നിയോഗിച്ച അന്വേഷണ സംഘത്തിന് രണ്ട് തവണയാണ് കാലാവധി നീട്ടിനല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ വിമാനകമ്പനിയായ ബോയിംഗില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നുവെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിശദീകരണം. നിശ്ചിതസമയത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന് അന്ന് ഏജന്‍സി വ്യക്തിമാക്കിയിരുന്നു. ജനുവരി 13 വരെയാണ് ആദ്യം അന്വേഷണത്തിനായി അനുവദിച്ചത്. പിന്നീട് ഇത് മാര്‍ച്ച് 13 വരെയാക്കി നീട്ടി നല്‍കി.

ഇപ്പോള്‍ അന്വേഷണം ഏത് നിലയിലെത്തി നില്‍ക്കുന്നുവെന്ന് പോലും ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. അന്നത്തെ നാട്ടുകാരുടേയും രക്ഷാപ്രവർത്തകരുടേയും സമയോചിതമായ ഇടപെടലാണ് മരണസംഖ്യ ഇത്രയെങ്കിലും കുറച്ചത്. പക്ഷേ റിപ്പോർട്ട് സമർപ്പിക്കപ്പെടാത്തത് നഷ്ടപരിഹാര തുക വൈകുന്നതിനും കാരണമാക്കുകയാണ് ഇപ്പോൾ.

കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന കാര്യത്തിലും അന്വേഷണറിപ്പോര്‍ട്ട് പുറത്ത് വരട്ടേയെന്നാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിലപാട്.