Kerala

കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിയ്ക്ക് ജാമ്യമില്ല

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കി(Arjun Aynaki)യ്ക്ക് ജാമ്യമില്ല. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ സുപ്രധാന പങ്ക് അർജുൻ ആയങ്കിയ്ക്ക് ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന് നേരത്തെ തന്നെ കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ആയങ്കിയ്ക്ക് ജാമ്യം നൽകി കഴിഞ്ഞാൽ തുടർന്നുള്ള കേസന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം നല്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ കോടതി അറിയിച്ചിരിക്കുന്നത്‌.

അതേസമയം കരിപ്പൂർ സ്വർണക്കടത്തിൽ അർജുൻ ആയങ്കിയെ സഹായിച്ച അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. അജ്മൽ തൻ്റെ മാതാവിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അർജുൻ ആയങ്കിയ്ക്കും മുഹമ്മദ് ഷാഫിയ്ക്കും സിം കാർഡ് എടുത്ത് നൽകിയിരുന്നു. കൂടാതെ സ്വർണക്കടത്തിനും സ്വർണം അപഹരിക്കുന്നതിനും അജ്മൽ കൂട്ടുനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.