കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർഇന്ത്യ, എമിറേറ്റ്സ് എന്നിവയുടെ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകി. റൺവേ നനവീകരണത്തിന്റെ പേരിൽ നിർത്തലാക്കിയ എല്ലാ വലിയവിമാനങ്ങളും പുനരാരംഭിക്കാൻ ഇതോടെ അനുമതിയായി. വലിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സുരക്ഷാ പരിശോധനകൾ നേരത്തെ പൂർത്തിയായിരുന്നു.
റൺവേ നവീകരണത്തിന്റെ പേരിലാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാന സർവീസുകൾ നിർത്തിവെച്ചത്. നവീകരണ പ്രവർത്തികൾക്ക് ശേഷം വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നത് വേണ്ടിയുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ പൂർണതോതിൽ അനുമതി ആയിരിക്കുന്നത്. സൗദി എയർലൈൻസിന് പുറകെ എയർ ഇന്ത്യയുടെയും എമിറേറ്റ്സിന്റെയും വലിയ വിമാനങ്ങൾക്കാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്തിമ അനുമതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡി.ജി.സി.യുടെ നിരാക്ഷേപ പത്രം ലഭിച്ചതായി വിമാനത്താവള ഡയറക്ടർ ശ്രീനിവാസറാവു അറിയിച്ചു. ഇതോടൊപ്പം ഹജ്ജിന് വലിയ വിമാനങ്ങളുടെ സർവീസ് നടത്തുന്നതിനായി അപേക്ഷ നൽകിയ സൗദി എയർലൈൻസിനും ഡിജിസിഎ അനുമതി നൽകി. ഇതോടെ 2015 മെയ് ഒന്നുമുതൽ നിർത്തലാക്കിയ എല്ലാ സർവീസുകളും പുനരാരംഭിക്കാനാകും. എയർഇന്ത്യ, ജിദ്ദ – റിയാദ് സെക്ടറിലും എമിറേറ്റ്സ് കോഴിക്കോട് ദുബൈ സെക്ടറിലുമാണ് സർവീസ് നടത്തുക. രണ്ടു കമ്പനികളും ആറ് മാസത്തേക്ക് പകൽ മാത്രമേ സർവീസ് നടത്താവൂ എന്നും ഡി.ജി.സി.എ നിർദേശിച്ചിട്ടുണ്ട്. വലിയ വിമാന സർവ്വീസ് പുനാരരംഭിക്കുന്നത് സംബന്ധിച്ച് എയർ ഇന്ത്യയുടെ സുരക്ഷാ പരിശോധനകൾ ഡിസംബർ 20നും എമിറേറ്റ്സിന്റേത് മാർച്ച് നാലിനും പൂർത്തിയായിരുന്നു.