Kerala

കരിപ്പൂർ എയർപോർട്ടിൽ നിന്നും വിമാന സർവീസുകൾ പുനരാരംഭിച്ചു

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ നടന്ന അപകടത്തിന് ശേഷം വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ ​സർവിസ്​ പുനരാരംഭിച്ചതായി എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. അപകടത്തെ തുടർന്ന് കരിപ്പൂരിൽ സർവ്വീസ് താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്. വെളുപ്പിന് മൂന്ന് മണിയോടുകൂടിയാണ് റൺവേ പ്രവർത്തനക്ഷമമായത്. രാവിലെ മൂന്ന് മണി മുതൽ ഉച്ചക്ക് രണ്ടര വരെയുള്ള സമയത്തില്‍ അഞ്ച് ആഭ്യന്തര വിമാനങ്ങള്‍ കരിപ്പൂരിലിറങ്ങുകയും രണ്ട് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും കരിപ്പൂരില്‍ നിന്ന് പറക്കുകയും ചെയ്തു.

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിങ്​ നടത്തിയത്​ പൂർണ വേഗതയിലായിരുന്നുവെന്ന്​ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) വ്യക്തമാക്കിയിരുന്നു. അപകട കാരണം കണ്ടെത്താനായി ഡി.ജി.സി.എ നിയോഗിച്ച സംഘം കരിപ്പൂരിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുമെന്നും അതിന്​ ശേഷമേ വ്യക്തമായ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂയെന്നുമാണ്​ ഡി.ജി.സി.എ അറിയിച്ചു​. അപകട സ്ഥലം സന്ദര്‍ശിക്കുന്ന ഡി.ജി.സി.എ സംഘം ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും സന്ദർശിച്ചേക്കും. മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി വിവിധ ആശുപത്രികളിൽ 149 പേരാണ് ചികിത്സയിലുള്ളത്. 18 പേരാണ് മരിച്ചത്. 23 പേര്‍ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.