രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്‍. എസ്.എസ് ലക്ഷ്യമിട്ടതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കശ്മീര്‍ പ്രശ്നവും ആര്‍. എസ്.എസ് അജണ്ടയും എന്ന വിഷയത്തില്‍ കോഴിക്കോട് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനതയെയും തടങ്കലിലാക്കിയ സ്ഥിതിയാണ് കശ്മീരിലുള്ളത്. ഗസയിലെ ജനതയോട് ഇസ്രായേല്‍ സ്വീകരിക്കുന്ന നയമാണ് കാശ്മിരില്‍ കേന്ദ്രസക്കാരിനുള്ളതെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു.
370 വകുപ്പ് നിലനില്‍ക്കുന്നതാണ് കശ്മീരില്‍ വികസനത്തിന് തടസ്സമാവുന്നതെന്നാണ് അമിത് ഷായുടെ വാദം. എന്നാല്‍ സാമൂഹ്യ വികസന സൂചികയില്‍ മറ്റുസംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് കശ്മീര്‍. 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ 371നെ കുറിച്ച് സംസാരിക്കുന്നില്ല. പരിപാടിയില്‍ മുഖ്യധാര കശ്മീര്‍ പതിപ്പിന്റെ പ്രകാശം മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു.