Kerala

വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍

കെടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍. ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. എന്നാല്‍ ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം മുന്നണിക്കുള്ളില്‍ തന്നെ വിഭാഗിയതക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഇടതുമുന്നണി എത്തിയത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. എന്നാല്‍ സ്വയം പിന്മാറിയതാണെന്ന് കാരാട്ട് ഫൈസലിന്‍റെ വിശദീകരണം.

കൊടുവള്ളി നഗരസഭയില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇടത് എം.എല്‍.എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്‍റെ പേര് പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് ഫൈസലിന്‍റെ പുതിയ തീരുമാനം.