മലപ്പുറം ജില്ലയിൽ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നാണ് കാപ്പിരിക്കാട്. പതിനഞ്ചോളം വീടുകൾക്ക് ഇവിടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ റോഡ് ഉൾപ്പെടെ കടലെടുത്തു.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന മഴയും ഒപ്പം കടലാക്രമണവും പൊന്നാനി മേഖലയിൽ വ്യാപക നാശനഷ്ടമാണ് വിതച്ചത്. കാപ്പിരിക്കാട് ഭാഗത്ത് നിരവധി വീടുകൾ കടലാക്രമണത്തിൽ തകർന്നു. തീരത്തോട് ചേർന്ന വീടുകൾ പലതും തീർത്തും വാസയോഗ്യമല്ലാതായി. പലരും ബന്ധുവീടുകളിൽ ആണ് താമസം. തീരത്തോട് ചേർന്നുള്ള റോഡ് പൂർണ്ണമായും തകർന്നു. കടൽ ക്ഷോഭത്തിന് താൽക്കാലിക ശമനമുണ്ടായെങ്കിലും പ്രദേശത്തെ നിരവധി കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. എല്ലാവർഷവും കടലാക്രമണം തുടരുമ്പോൾ, പകരം എന്ത് എന്ന ചോദ്യമാണ് ഇവരുടെ മുൻപിൽ. സംരക്ഷണ ഭിത്തി പോലും പ്രദേശത്ത് സ്ഥാപിക്കാത്തത് തീരദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു.