കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടികാഴ്ച്ച നടത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് തടയാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
സമുദായ നേതൃത്വങ്ങൾക്കിടയിലെ സൗഹാർദ പൂർണ്ണമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങൾ വിപാടനം ചെയ്യാൻ സാധിക്കുകയുള്ളു. നിലവിലെ സാമൂഹിക സാഹചര്യത്തെക്കുറിച്ച് സംസാരിച്ച ഇരുവരും ഇരു മതങ്ങൾക്കുമിടയിലെ സൗഹാർദം ഊട്ടിയുറപ്പിക്കണമെന്ന സന്ദേശം നൽകി. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീമും കൂടികാഴ്ച്ചയിൽ പങ്കെടുത്തു.
മതങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള സാഹചര്യങ്ങളും വേദികളും ഒരുക്കുന്നത് പരസ്പര ധാരണയെയും വിശ്വാസ്യതയേയും ബലപ്പെടുത്തും. സാമൂഹ്യ അഭിവൃദ്ധിക്കായി ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാമെന്ന പ്രതീക്ഷ നൽകുന്നതായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ ഫേസ്ബുക്കിൽ കുറിച്ചു.
കൂടികാഴ്ച്ചയെക്കുറിച്ച് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചത്-
തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ബഹു. മാർ ജോസഫ് പാംപ്ലാനിയുമായി ഇന്ന് മർകസിൽ നടന്ന കൂടിക്കാഴ്ച ഹൃദ്യമായിരുന്നു.വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തിൽ നിന്നുള്ളവരോടൊപ്പമുള്ള ഇത്തരം സന്ദർഭങ്ങൾ പരസ്പരം അറിയാനും മനസ്സിലാക്കാനും വലിയ അവസരമാണ് നൽകുന്നത്. ഏറെക്കാലമായി വളരെ സൗഹാർദപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെങ്കിലും അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ചില കോണുകളിൽ നിന്നുണ്ടാവുന്നത് നേതൃത്വങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.സമുദായ നേതൃത്വങ്ങൾക്കിടയിലെ സൗഹാർദ പൂർണ്ണമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങൾ വിപാടനം ചെയ്യാൻ സാധിക്കുകയുള്ളു. അതിന് അടിവരയിടുന്നതായിരുന്നു മാർ ജോസഫ് പാംപ്ലാനിയുമായുള്ള സംസാരം. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഐക്യവും നന്മയും കൂടുതൽ സജീവമാക്കേണ്ടതുണ്ടെന്നും ജനങ്ങൾ ഇതിനായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
ചെറിയ കാര്യങ്ങൾ ഊതിവീർപ്പിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും അനൈക്യമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ നന്മയുടെ പാഠങ്ങൾ വിളംബരം ചെയ്യാൻ മതനേതൃത്വം മുന്നിൽ നിൽക്കണം. മതങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള സാഹചര്യങ്ങളും വേദികളും ഒരുക്കുന്നത് പരസ്പര ധാരണയെയും വിശ്വാസ്യതയേയും ബലപ്പെടുത്തും. സാമൂഹ്യ അഭിവൃദ്ധിക്കായി ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാമെന്ന പ്രതീക്ഷ നൽകുന്നതായിരുന്നു ഈ കൂടിക്കാഴ്ച.മർകസ് നോളേജ് സിറ്റിയിൽ ഈമാസം 17 മുതൽ 19 വരെ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നോടിയായി നടക്കുന്ന പ്രീസമ്മിറ്റ് ക്യാമ്പയിനിലും അദ്ദേഹം ഭാഗമായി.