Kerala

കണ്ണൂർ വി സി നിയമനം; ഉത്തരവിനെതിരെ അപ്പീൽ

കണ്ണൂർ വി സി പുനർനിയമനത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ. പുനർനിയമനത്തിൽ ചട്ടലംഘനം ഇല്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീൽ. നിയമനം ശരിവച്ച നടപടിക്കെതിരെയാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്.

കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്നും കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

വിസിയുടെ പുനർനിയമനത്തിന് എതിരായി കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് അക്കാദമിക് കൗൺസിൽ അംഗങ്ങൾ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളുകയായിരുന്നു. ഹർജി നിയപരമായി നിലനിക്കില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ നിരീക്ഷിച്ചു. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ സത്യവാങ്മൂലം നിർണായകമായി.