Kerala

സമ്പർക്കത്തിലൂടെ കോവിഡ്: കണ്ണൂര്‍ നഗരം പൂർണമായി അടച്ചു

നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്.

കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ നഗരം പൂർണമായും അടച്ചു. സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരം ഉൾപ്പെടെ കോർപ്പറേഷനിലെ 11 ഡിവിഷനുകൾ അടച്ചത്. നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്.

14കാരന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് കണ്ണൂർ നഗരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. കണ്ണൂർ കോർപ്പറേഷനിലെ 5, 11 ഡിവിഷനുകളും 45 മുതൽ 53 വരെയുള്ള ഡിവിഷനുകളുമാണ് അടച്ചത്. ദേശീയപാത ഒഴികെയുള്ള ചെറു റോഡുകൾ എല്ലാം അടച്ചിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന പാതകളിൽ പോലീസ് പരിശോധനയും പുനരാരംഭിച്ചു. മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍, പരീക്ഷ, പരീക്ഷാ മൂല്യനിർണ്ണയം എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബസുകൾ നഗരത്തിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര ബസുകൾ ഒഴികെയുള്ളവക്കാണ് നിയന്ത്രണം. നാല് പേർക്കാണ് ജില്ലയിൽ പുതിയതായി രോഗം ബാധിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 324 ആയി. ഇവരില്‍ 204 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.