India Kerala

യുവാവ് മരിച്ചു, കുടുംബത്തിലെ അഞ്ചുപേർ ആശുപത്രിയിൽ; കണ്ണൂർ പേരാവൂരിൽ ദുരൂഹത

കണ്ണൂർ പേരാവൂരിൽ യുവാവ് മരിക്കുകയും കുടുംബത്തിലെ അഞ്ചുപേരെ ഗുരുതാരാവസ്ഥയിൽ ആശുപത്രിയിൽ പ്രാവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പും അന്വേക്ഷണമാരംഭിച്ചു. മരിച്ച യുവാവിന്റെ ആന്തരിക പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. പേരാവൂർ ഇരട്ടത്തോട് ആദിവാസി കോളനിയിലെ പുതിയവീട്ടിൽ രവിയുടെ മൂത്ത മകൻ എട്ട് വയസുകാരൻ വിഷ്ണുവിനാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടത്. ഛർദിയും വയറിളക്കവും മൂലമാണ് വിഷ്ണുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മരുന്നുകൾ വാങ്ങി രവിയും മകനും വീട്ടിലേക്ക് തിരികെ പോന്നു. രാത്രിയോടെ രവിക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. പുലർച്ചെയോടെ രവിയുടെ രണ്ടാമത്തെ മകനും ഛർദിയും വയറിളക്കവും ആരംഭിച്ചു.

പിറ്റേന്നു പുലർച്ചെ രവിയെയും രണ്ട് മക്കളെയും നാട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇവരെ ഡോക്ടർമാർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ പരിയാരത്തേക്കുളള യാത്രക്കിടെ രവി മരണപ്പെടുകയായിരുന്നു. രവിയുടെ മൃതദേഹ പരിശോധനയിൽ മരണകാരണം വ്യക്തമാകാത്തതിനെ തുടർന്ന് ആന്തരികാവയവങ്ങളും സ്രവങ്ങളും രാസപരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്കയച്ചു.

മരണകാരണം ഭഷ്യവിഷബാധയാണെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ആരോഗ്യവകുപ്പിന്റെ നിഗമനം. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ കുടുംബത്തിലെ കൂടുതൽ പേർക്ക് സമാന ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതോടെ ഈ സാധ്യത മങ്ങി. രവിയുടെ മരണത്തിന് രണ്ടുദിവസത്തിന് ശേഷമാണ് ഇയാളുടെ ഭാര്യാ സഹോദരൻ മഹേഷിനെ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം രവിയുടെ ഭാര്യ മിനിയെയും മിനിയുടെ പിതാവ് വേലായുധനെയും സമാന ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

ഇതിനിടെ ആരോഗ്യവകുപ്പ് അധികൃതരും പോലീസും രവിയുടെ വീട്ടിലും കോളനിയിലെ മറ്റ് വീടുകളിലുമെത്തി പരിശോധന നടത്തി. എന്നാൽ സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ല. കോളനിവാസികളുടെ രക്ത സാമ്പിളുകളും കോളനിയിലെ കിണറുകളിലെ വെളളവും ആരോഗ്യ വകുപ്പ് പരിശോധനക്കായി ജില്ലാ ഫോറൻസിക് ലാബിലേക്കയച്ചിട്ടുണ്ട്. മരണപ്പെട്ട രവിയുടെ ആമാശയം, കുടൽ തുടങ്ങിയവയിലെ സ്രവങ്ങൾ, കരൾ, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾ എന്നിവയുടെ പരിശോധനാ ഫലം ലഭിച്ചാൽ മരണത്തിന്റെതയും തുടർച്ചയായുണ്ടാകുന്ന അസുഖങ്ങളുടെയും ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസും ആരോഗ്യ വകുപ്പും. ചൊവ്വാഴ്ച വൈകിട്ടോടെ ഈ പരിശോധനാ ഫലങ്ങൾ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.