നേരിയ അശ്രദ്ധ പോലും കണ്ണൂരിനെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് തളളിവിടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്
കൊവിഡ്-കണ്ണൂര്‍ നഗരം സമൂഹ വ്യാപന ഭീതിയില്‍. നഗരം പൂര്‍ണമായി അടച്ചു. എക്സൈസ് ജീവനക്കാരന്‍റെ മരണത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം.
കൊവിഡ് രോഗ ബാധിതരുടെ സമ്പര്‍ക്ക കേന്ദ്രമായി കണ്ണൂര്‍ നഗരം മാറിയോ..? ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്ന ചോദ്യമാണിത്. ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഒരാളുടെ ജീവന്‍ കൊറോണ വൈറസ് കവര്‍ന്നതിന് പിന്നാലെയാണ് ഈ സംശയം ബലപ്പെടുന്നത്. രോഗ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളില്‍ പലരും ഈ നഗരവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അയ്യന്‍കുന്നിലെ ആദിവാസി സ്ത്രീയില്‍ നിന്നാണ് ഈ സംശയം ആരംഭിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രസവ സംബന്ധമായ ചികിത്സ തേടി എത്തിയ ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നത് ഇപ്പോഴും അജ്ഞാതമായി തുരുകയാണ്. തുടര്‍ന്നിങ്ങോട്ട് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പലരും നഗരത്തില്‍ വന്ന് പോയി. കണ്ണൂര്‍ ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍, അയ്യന്‍കുന്ന് സ്വദേശിയായ ഇരിട്ടിയിലെ വ്യാപാരി, കണ്ണൂര്‍ നഗരത്തിലെ ഫ്ലാറ്റിലെ താമസക്കാരനായ പതിനാലുകാരന്‍, ഒടുവില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ അങ്ങനെ നീണ്ട് പോകുന്നു ഈ പട്ടിക. അതുകൊണ്ട് തന്നെയാണ് കണ്ണൂര്‍ നഗരം പൂര്‍ണമായി അടച്ചിടാനുളള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം കടന്നത്. നഗരം ഉള്‍പ്പെടുന്ന കോര്‍പ്പറേഷനിലെ പതിനൊന്ന് ഡിവിഷനുകളാണ് ഇപ്പോള്‍ അടച്ചിട്ടുളളത്. തളാപ്പ്, തുളിച്ചേരി, താണ, സൌത്ത് ബസാര്‍, ടെമ്പിള്‍, തായത്തെരു, കസാനക്കോട്ട, ആയിക്കര, കാനത്തൂര്‍, താളിക്കാവ്, പയ്യാമ്പലം എന്നിവയാണ് ഈ ഡിവിഷനുകള്‍.
കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചെന്ന ആശങ്കയില്‍ ആരോഗ്യ വകുപ്പ്
കൊവിഡ് 19 ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍റെ മരണത്തിന് കാരണമായത് ജനിതക മാറ്റം സംഭവിച്ച തീവ്രത കൂടിയ കൊറോണ വൈറസാണന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനുളളിലായിരുന്നു ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഈ യുവാവിന്‍റെ മരണം. പനി ബാധിച്ചതിന് ശേഷം ന്യുമോണിയ രൂക്ഷമാകുകയും ശ്വാസ കോശത്തെ ബാധിക്കുകയുമായിരുന്നു.ഇദ്ദേഹത്തിന്‍റെ മരണത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൂപ്പര്‍ സ്പെഷ്യലിറ്റി ഡോക്ടറുമാരാണ് സംഘത്തിലുളളത്. ഡെത്ത് ഓഡിറ്റ് നടത്തി മരണ കാരണം കണ്ടെത്താനാണ് ശ്രമം. ഇതിനായി മരിച്ച ആളുടെ സ്രവം വീണ്ടും പരിശോധനക്കെടുക്കും. ഇദ്ദേഹത്തിന് നല്‍കിയ ചികിത്സ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിനൊപ്പം രോഗ ഉറവിടം കണ്ടെത്താനകാത്ത കൊവിഡ് കേസുകളും ഈ വിദഗ്ദ സംഘം പരിശോധിക്കും.
എന്തായാലും ഒരു നേരിയ അശ്രദ്ധ പോലും കണ്ണൂരിനെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് തളളിവിടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. മാത്രവുമല്ല, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ യഥാര്‍ത്ഥ കണക്ക് ജില്ലാ ഭരണ കൂടം പുറത്ത് വിട്ടിട്ടില്ലന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് ജില്ലാ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ പോലീസ് ചീഫ് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. എന്തായാലും കണക്കുകള്‍ക്കപ്പുറമാണ് കണ്ണൂരിന്‍റെ യഥാര്‍ത്ഥ ചിത്രം എന്നുറപ്പ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലെ ജാഗ്രത കണ്ണൂരിന് ഏറെ നിര്‍ണ്ണായകമാണ്.