India Kerala

കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് കോർപ്പറേഷൻ ഹാളിലാണ് തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി. മുൻ മേയർ ഇ.പി ലതയെയാണ് എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടുള്ളത്.

കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫിലെ ഇ.പി ലതക്ക് മേയർ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ മേയർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.അൻപത്തിയഞ്ച് അംഗ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗ സംഖ്യ. ഒരു കൗൺസിലറുടെ മരണത്തെ തുടർന്ന് എൽ.ഡി.എഫിന് നിലവിൽ 26 അംഗങ്ങൾ മാത്രമാണുള്ളത്.കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് അടക്കം യു.ഡി.എഫിന് 28 അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി. അട്ടിമറികളൊന്നും ഉണ്ടായില്ലങ്കിൽ സുമ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

മുൻ മേയർ ഇ.പി ലതയെ ആവും എൽ.ഡി.എഫ് മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുക. പി.കെ രാഗേഷിനോട് എതിർപ്പുള്ള യു.ഡി.എഫ് അംഗങ്ങളിൽ ആരുടെയെങ്കിലും പിന്തുണയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ .എന്നാൽ അത്തരം സാധ്യതകളെ യു.ഡി.എഫ് പൂർണമായും തള്ളിക്കളയുകയാണ്. ആദ്യ ആറ് മാസം കോൺഗ്രസിനും തുടർന്നുള്ള ആറ് മാസം ലീഗിനും മേയർ സ്ഥാനം പങ്കിട്ട് നൽകാനാണ് യു.ഡി.എഫിൽ ധാരണയായിട്ടുള്ളത്.