കണ്ണൂർ നായാട്ടുപാറയിൽ കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്. പശുക്കൾക്ക് നൽകിയ കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാലിത്തീറ്റയിൽ നിന്നുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ നായാട്ടുപാറ കോവൂരിലെ ഡയറി ഫാമിൽ 8 പശുക്കളാണ് അസാധാരണ സാഹചര്യത്തിൽ ചത്തത്. കേരള സർക്കാർ ഉല്പന്നമായ കേരള ഫീഡ്‌സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കൾക്ക് നൽകിയിരുന്നത്. നവംബർ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കേരള ഫീഡ്‌സ് കാലിത്തീറ്റ കഴിച്ച പശുക്കൾ അവശരായി. ഒരാഴ്ചക്കിടെ 3 പശുക്കളും 5 കിടാക്കളും ചത്തു. പാൽ ഉൽപാദനത്തെയും ബാധിച്ചു.
ഉപേക്ഷിച്ച കാലിത്തീറ്റ കഴിച്ച 5 കോഴികളും ചത്തതായി ഫാം ഉടമ പറയുന്നു. അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്. ആദ്യം ചത്ത പശുവിന്റെ പോസ്റ്റ്‌മോർട്ടം നടത്തി. കേരള ഫീഡ്‌സ് കലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കാലിത്തീറ്റ വഴിയുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ.
സാമ്പിൾ ശേഖരിച്ച കേരള ഫീഡ്‌സും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കണ്ണൂരിൽ മറ്റ് രണ്ടിടങ്ങളിലും സമാന ബാച്ചിലുള്ള കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് വയറിളക്കമുണ്ടായിരുന്നു.