Kerala

തെരഞ്ഞെടുപ്പിനൊരുങ്ങി കണ്ണൂര്‍, മട്ടന്നൂര്‍ നഗരസഭകള്‍; നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ നല്‍കാം

തെരഞ്ഞെടുപ്പിനൊരുങ്ങി കണ്ണൂര്‍, മട്ടന്നൂര്‍ നഗരസഭ. ആഗസ്റ്റ് 20നാണ് വോട്ടെടുപ്പ്. ഇന്നുമുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഇടതുമുന്നണി വന്‍ഭൂരിപക്ഷത്തില്‍ ഭരണം കയ്യാളുന്ന നഗരസഭയില്‍ ഇക്കുറി പോരാട്ടം കനക്കും.

സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മട്ടന്നൂര്‍ നഗരസഭയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. നഗരസഭയുടെ രൂപീകരണത്തൊച്ചൊല്ലിയുള്ള നിയമ പോരാട്ടത്തിനൊടുവില്‍ 1997 ല്‍ പ്രത്യേകമായി തിരഞ്ഞെടുപ്പ് നടന്നു.

അന്നുമുതല്‍ ഇന്നുവരെയും തിരഞ്ഞെടുപ്പ് രംഗത്ത് ഒറ്റയാനാണ് മട്ടന്നൂര്‍ നഗരസഭ. ആകെയുള്ള 35 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എല്‍ഡിഎഫ് 28 യുഡിഎഫ് 7 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

മൃഗീയ ഭൂരിപക്ഷത്തോടെ വന്‍വിജയം ഉറപ്പെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. ഇത്തവണ നേട്ടമുണ്ടാക്കാന്‍ അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് യുഡിഎഫും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ ഇടതുമുന്നണി ഇതിനകം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന നേതാക്കളെ ഒന്നാകെ അണിനിരത്തിയാകും മുന്നണികളുടെ പ്രചരണം.