കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് ലഭിച്ചത് ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടെന്ന് കിയാല്‍ എം.ഡി വി.തുളസീദാസ്. ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം സ്ഥിരം വിമാന സര്‍വീസിനായുളള നീക്കം വേഗത്തിലാക്കുമെന്നും കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.ഡി പറഞ്ഞു. ഇതിനിടെ കിയാലിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് കിയാല്‍ എം.ഡി വിശദീകരണം നല്‍കിയത്. കണ്ണൂരില്‍ നിന്ന് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വഴി കണ്ണൂരിലേക്ക് സ്ഥിരം വിമാന സര്‍വീസ് ആരംഭിക്കുന്നതിനുളള ശ്രമങ്ങള്‍ വേഗത്തിലാക്കുമെന്നും എം.ഡി പറഞ്ഞു. ഇതിനിടെ കിയാലിന്റെ മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ ഇന്ന് കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഓഹരി ഉടമകളുടെ യോഗത്തില്‍ തീരുമാനമെടുത്തു. ഇതിനായി 100 രൂപ മുഖവിലയുളള 20 കോടി ഓഹരികള്‍ പുറത്തിറക്കും. ഇതിനിടെ കണ്ണൂരില്‍ നിന്നും മസ്കത്തിലേക്ക് ഫെബ്രുവരി 25 മുതല്‍ ഗോ എയറും മാര്‍ച്ച് 25 മുതല്‍ കുവൈത്തിലേക്ക് ഇന്‍ഡിഗോയും നേരിട്ടുളള സര്‍വീസ് ആരംഭിക്കും. ഇതിനുളള ടിക്കറ്റ് ബുക്കിങ് ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.