മണിമലയാർ കരകവിഞ്ഞൊഴുകുന്നു. പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് മണിമലയാർ കരകവിഞ്ഞൊഴുകുന്നത്. ഇതോടെ കാഞ്ഞിരപ്പള്ളി നഗരം വെള്ളത്തിൽ മുങ്ങി. കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡ് അടക്കം വെള്ളത്തിനടിയിലാണ്. റോഡിലെ വാഹനങ്ങൾ മുങ്ങിപ്പോയി. ആശയവിനിമയ സംവിധാനങ്ങളടക്കം തകരാറിലായി. പാലയിൽ രണ്ട് മണിക്കൂർ കൂടി കഴിഞ്ഞാൽ പാല നഗരം പൂർണമായി നഗരത്തിൽ മുങ്ങുമെന്നാണ് എംഎൽഎ മാണി സി കാപ്പൻ പറഞ്ഞത്. (kanjirappally flood manimalayar rain)
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് 24 നോട് പറഞ്ഞു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 12 പേരെ കാണാതായി എന്നാണ് വിവരം.
ഉരുൾപൊട്ടലിൽ 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്.
വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു. ഇതിനകം നൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. കൂട്ടിക്കൽ നഗരവും മുണ്ടക്കയം നഗരവും ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികൾ റിപ്പോർട്ട് ചെയ്യുന്നത്. കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് പൊലീസിനെയും ഫയർ ഫോഴ്സിനെയും നിയോഗിച്ചു. ഒറ്റപെട്ട കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. ഈരാറ്റുപേട്ട-പാല റോഡിൽ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി. പനക്കപ്പാലത്ത് റോഡിൽ വെള്ളം കയറി.
കോട്ടയം ജില്ലയിലെ മഴക്കെടുതിയിൽ പെട്ടു പോയവരെ രക്ഷിക്കാൻ എയർ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ. കുടുങ്ങിക്കിടക്കുന്നവരെ ടോറസിൽ കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്. ചില പ്രദേശത്ത് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഈരാറ്റുപേട്ടയിൽ രക്ഷാപ്രവർത്തനത്തിനിടെ തഹസിൽദാർ ഒറ്റപ്പെട്ടു പോയി. ഇദ്ദേഹത്തെ രക്ഷിക്കാൻ പൊലീസും ഫയർ ഫോഴ്സും അങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.