ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍.എസ്.എസിന്റെ ശത്രുക്കളാണെന്ന് കനിമൊഴി എം.പി. ബി.ജെ.പിയുടെ നിഴലായാണ് തമിഴ്‌നാട് സർക്കാർ പ്രവർത്തിക്കുന്നത്. ദ്രാവിഡ പാർട്ടി എന്ന് അവകാശപ്പെടുന്നവർ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചത് ഏറെ വേദനിപ്പിച്ചന്നും കനിമൊഴി കൊച്ചിയിൽ പറഞ്ഞു.
പൌരത്വ ഭേദഗതി നിയമത്തിനെതിരായി എം.ഇ.എസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് സി.എ.എക്കെതിരായ തന്റെ നിലപാട് കനിമൊഴി വ്യക്തമാക്കിയത്. ഇന്ത്യയെ ഹിന്ദു-ഹിന്ദി രാജ്യമാക്കാനാണ് ബി.ജെ.പിയും ആർഎസ്എസും ശ്രമിക്കുന്നത്. മുസ്ലിംകളെ മാത്രമല്ല, ഇന്ത്യ മതേതരരാഷ്ട്രം പറയുന്ന എല്ലാവരും ആര്‍.എസ്.എസിന്റെ ശത്രുക്കളാണ്. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കും സ്വന്തം പേരില്‍ ഭൂമിയില്ല. അതുകൊണ്ട് തന്നെ പൌരത്വ രജിസ്റ്റര്‍ ഏറെ ബാധിക്കുക സ്ത്രീകളെയാണെന്നും കനിമൊഴി പറഞ്ഞു.
പൌരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്ന എ.ഐ.ഡി.എം.കെയെ ശക്തമായ ഭാഷയിലാണ് കനിമൊഴി വിമര്‍ശിച്ചത്. ദ്രാവിഡ പാർട്ടി എന്ന് അവകാശപ്പെടുന്നവർ പൌരത്വ ബില്ലിനെ പിന്തുണച്ചത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ബി.ജെ.പിയുടെ നിഴലായാണ് തമിഴ്‌നാട് സർക്കാർ പ്രവർത്തിക്കുന്നതെന്നും കനിമൊഴി പറഞ്ഞു.
പൌരത്വ ഭേദഗതിനിയമത്തിനെതിരായ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും കനിമൊഴി മറന്നില്ല. വീണ ജോര്‍ജ് എം.എല്‍.എ, അഡ്വ.ലാലി വിന്‍സെന്റ് എന്നിവരും പരിപാടിയില്‍ സംസാരിച്ചു.