ഇടതു കോട്ടയെന്നറിയപ്പെടുന്ന കാഞ്ഞങ്ങാട് അടിയൊഴുക്കുകളുണ്ടാകുമോ എന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതൃത്വം. മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പാണ് ആശങ്കയുടെ അടിസ്ഥാനം.
മന്ത്രിസഭയിലെ രണ്ടാമനായ ചന്ദ്രശേഖരന്‍ മണ്ഡലത്തിന്റെ വികസനത്തിലടക്കം കാര്യമായൊന്നും ചെയ്തില്ലെന്ന ആക്ഷേപം സ്വന്തം പാര്‍ട്ടിക്കാര്‍ പോലും രഹസ്യമായി ഉന്നയിക്കുന്നു. അതിനിടയിലാണ് മൂന്നാം സ്ഥാനാര്‍ത്ഥിത്വം. മൂന്നാം തവണ മണ്ഡലത്തില്‍ മത്സരിക്കുന്ന ചന്ദ്രശേഖരനെതിരെ മടിക്കൈ മേഖലയിലാണ് ശക്തമായ എതിരഭിപ്രായമുള്ളത്. അഭിപ്രായ ഭിന്നത പരസ്യമാക്കി മടിക്കൈയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ ഇത്തരം ആശങ്കള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നാണ് ചന്ദ്രശേഖരന്റ വാദം.
പാര്‍ട്ടിയിലെ അസ്വാരസ്യം സിപിഐഎമ്മിന്റ സംഘടനാബലത്തില്‍ മറികടക്കാമെന്നാണ് ചന്ദ്രശേഖരന്റെ കണക്കുകൂട്ടല്‍. കാലങ്ങളായി സിപിഐ മത്സരിക്കുന്ന മണ്ഡലത്തില്‍ സിപിഐഎമ്മിന്റ പിന്‍ബലമാണ് വിജയത്തിന്റെ ആധാരം. മുന്നണി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണരംഗത്തുണ്ടാകുമെന്ന് വിമതവിഭാഗവും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇരുപത്താറായിരത്തില്‍പ്പരം വോട്ടിന് നഷ്ടമായ മണ്ഡലത്തില്‍ യുവ നേതാവായ പി.വി. സുരേഷിനെയാണ് ഇത്തവണ യു ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. സിപിഐയിലെ ഭിന്നത മുതലെടുത്ത് അത്ഭുതം കാട്ടാമെന്നാണ് എതിരാളികളുടെ കണക്കുകൂട്ടല്‍.