India Kerala

കള്ളവോട്ടിനെ ന്യായീകരിച്ച് എല്‍.ഡി.എഫ്

കള്ളവോട്ടിനെ ന്യായീകരിച്ചും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ചും എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് ഉണ്ടായ കാലം മുതല്‍ കള്ളവോട്ട് ഉണ്ടായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ പണം ചിലവഴിച്ചുവെന്ന് പറഞ്ഞ് പി ജയരാജനേയും, വി.എന്‍ വാസവനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദ്രോഹിക്കുകയാണന്ന് കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു.

ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ ചടങ്ങിലെ വേദിയില്‍വെച്ചാണ് ടിക്കാറാം മീണക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ വീണ്ടും രംഗത്ത് വന്നത്. വാര്‍ത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിച്ചതിന് ശേഷമായിരുന്നു പുതിയ പരാതി ഉന്നയിച്ചത്.

കോടിയേരിക്ക് ശേഷം പ്രസംഗിച്ച കാനം രാജേന്ദ്രന്‍ കള്ളവോട്ടിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന് വേണ്ടി 18 എ ഫോം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്തുകളിലേക്ക് നല്‍കുമ്പോഴാണ് ടിക്കാറാം മീണ ഓപ്പണ്‍ വോട്ട് ഇല്ലെന്ന് പറയുന്നതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ചൂണ്ടികാട്ടുന്നുണ്ട്.