Kerala

ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതു പോലെ; കാനം രാജേന്ദ്രൻ.

ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതു പോലെയാണെന്ന പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വളരെ ബാലിശമായ വാദങ്ങളാണ് ആരിഫ് മുഹമ്മ​ദ് ഖാൻ ഉന്നയിക്കുന്നത്. ഗവർണറുടെ അവകാശങ്ങളെ പറ്റി ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ഗവർണർ പറയുന്നത് നടപ്പിലാക്കുകയല്ല സർക്കാരിന്റെ ചുമതല. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കാത്തിടപാട് പുറത്തുവിട്ടത് ഏത് വകുപ്പ് പ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഗവർണർ ഭരണഘടന ലംഘിച്ചിരിക്കുകയാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.

കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും തന്റെയടുത്ത് വരുന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രിയെ പോലെ പറയാൻ തനിക്കാവില്ലെന്നുമായിരുന്നു ഗവർണറുടെ അഭിപ്രായപ്രകടനം. അതിനാലാണ് മാധ്യമങ്ങൾ എത്തുമ്പോൾ സംസാരിക്കുന്നത്. വിസിക്കെതിരായ വിമർശനവും ഗവർണർ ആവർത്തിച്ചു. ചരിത്ര കോൺഗ്രസ് വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ താൻ സെക്യൂരിറ്റി എക്സ്പേർട്ട് അല്ലെന്ന് മറുപടി നൽകി. 2019ലെ ചരിത്ര കോൺഗ്രസ് ആക്രമണം എന്ത് കൊണ്ട് ഇപ്പോൾ ഉയർത്തുന്നുവെന്ന ചോദ്യത്തിന് ക്രിമിനൽ കേസുകൾക്ക് സമയപരിധി ഇല്ലെന്നായിരുന്നു ഗവർണറുടെ മറുപടി.

അന്ന് കണ്ണൂരിൽ ഉപയോഗിച്ച സമ്മർദ്ദ തന്ത്രം ഇപ്പോഴും തനിക്കെതിരെ ഉപയോഗിക്കുന്നു. അതിനാലാണ് ഇപ്പോൾ വിഷയം ഉയർത്തുന്നത്. തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഇർഫാൻ ഹബീബ് തനിക്ക് നേരെ വരുമ്പോൾ അത് തന്നെ ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടേ. ഇർഫാൻ ഹബീബ് എന്തിന് തനിക്ക് നേരെ നടന്നടുത്തു എന്നതാണ് ചോദ്യം. പ്രതിഷേധിക്കാനാണെങ്കിൽ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ താൻ നേരിട്ട് നടപടികൾ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവർക്ക് വേദി വിട്ടിറങ്ങണമെങ്കിൽ ഗവർണർ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ​ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ​ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ​ഗവർണറുടെ ആരോപണം.

സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാൻസിലർ ആയി തുടരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും അവർ അറിയിച്ചിരുന്നു. തുടർന്ന് ജനുവരിയിൽ മുഖ്യമന്ത്രി തനിക്ക് വീണ്ടും കത്തയച്ചു. സർവ്വകലാശാലകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന നീക്കങ്ങൾ ഉണ്ടാകില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെയോ രാഷ്ട്രീയ ഇടപെടലോ ഉണ്ടാകില്ലെന്നും കത്തിൽ മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. പക്ഷേ വീണ്ടും സർക്കാർ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും ​ഗവർണർ ആരോപിക്കുന്നു.