മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ എത്തിയതോടെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ മാറി. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് രൂപീകരിക്കുമ്പോള്‍ കാനത്തിന്‍റെ തീരുമാനങ്ങൾക്ക് ആകും മുന്‍തൂക്കം ഉണ്ടാവുക. പാര്‍ട്ടി കോണ്‍ഗ്രസോടെ മുൻ അസിസ്റ്റന്‍റ് സെക്രട്ടറിയായ കെ.പ്രകാശ് ബാബു ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കുമെന്നാണ് വിവരം.
മുന്നില്‍ നിന്ന് നയിക്കാന്‍ നേതൃത്വം ഇല്ലാഞ്ഞതിനാലാണ് കാനത്തിനെതിരായ എതിര്‍ നീക്കങ്ങൾക്ക് കരുത്ത് ഉണ്ടാകാതെ പോയത്. കെ.ഇ.ഇസ്മയിലും സി.ദിവാകരനും പരസ്യ വിമർശനം നടത്തിയതിൻ്റെ പേരിൽ ജില്ലാ റിപ്പോർട്ടിംഗിൽ വിമർശനം കൂടി ഏറ്റുവാങ്ങിയതോടെ പിന്നിൽ നിന്ന് പിന്തുണച്ചവരും തിരിഞ്ഞു. ഇതെല്ലാം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കാനത്തിന്‍റെ മൂന്നാം വരവ് ലളിതമാക്കി.
ഉടൻ ഒന്നും സിപിഐക്ക് ഉള്ളിൽ നിന്ന് വിമത നീക്കങ്ങൾ കാനത്തിന് എതിരെ ഉണ്ടാവുകയും ഇല്ല. പരസ്യപ്രതികരണങ്ങള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുവെന്ന കടുത്ത വിമർശനം സമ്മേളനത്തിൽ ഉയർന്നതോടെ കാനം വിരുദ്ധര്‍ക്ക് അപകടം മനസിലായതാണ്. ഇതോടെയാണ് ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം പാർട്ടിയിൽ മാറിയത്.
ഈ മാസം 14 മുതല്‍ 18 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന എക്സിക്യൂട്ടീവും രൂപീകരിക്കുമ്പോള്‍ കാനത്തിന്‍റെ താത്പര്യങ്ങള്‍ ആയിരിക്കും പ്രാധാന്യം. നിലവിലെ അസിസ്റ്റന്‍റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യന്‍മൊകേരി എന്നിവരില്‍ മാറ്റമുണ്ടാകും. പി.പി.സുനീര്‍ പുതിയ അസിസ്റ്റന്‍റ് സെക്രട്ടറി ആയേക്കാനാണ് സാധ്യത. കെ.ഇ.ഇസ്മയില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് ഒഴിയുന്നതോടെ പ്രകാശ് ബാബു അവിടേക്ക് എത്തിയേക്കും.