കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചതോടെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിലെത്തി. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കനകദുർഗ പ്രതികരിച്ചു.
ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ വീട്ടിൽ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് കനകദുർഗ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച പുലാമന്തോൾ ഗ്രാമ ന്യായാലയ കോടതി കനകദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുർഗ ഭർതൃ വീട്ടിലെത്തിയത്. എന്നാൽ കനകദുർഗ വീട്ടിൽ എത്തുന്നതിനു മുൻപേ തന്നെ ഭർത്താവും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് താമസം മാറി. അതേസമയം, എല്ലാം പരിഹരിക്കപ്പെടുമെന്നാണ് കനകദുർഗ പ്രതികരിച്ചത്. വീട് വിൽക്കാനോ വാടകക്ക് കൊടുക്കാനോ പാടില്ലെന്നും കുട്ടികളുടെ സംരക്ഷണം കോടതി പിന്നീട് തീരുമാനിക്കുമെന്നും വിധി പ്രസ്താവത്തിലുണ്ട്. അടുത്ത മാസം 31ന് കേസ് വീണ്ടും പരിഗണിക്കും.