India Kerala

ആമിയില്ലാത്ത മലയാളത്തിന് പത്താണ്ട്

എന്റെ പ്രണയം കാട്ടു തേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു’. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ വിടവാങ്ങിയിട്ട് ഇന്നേക്ക് പത്ത്‍ വര്‍ഷം. കഥകളിലൂടെയും കവിതയിലൂടെയും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു മാധവിക്കുട്ടി.

സ്ത്രീയുടെ പ്രണയത്തെ, പ്രണയ വികാരങ്ങളെ അത്ര മേല്‍ മനോഹരമായി തുറന്നെഴുതിയ കഥാകാരി മാധവിക്കുട്ടിയല്ലാതെ മറ്റാരാണ്. സ്നേഹമായിരുന്നു മാധവിക്കുട്ടിയുടെ ഭാഷ, പ്രണയമായിരുന്നു ഊര്‍ജം.

സ്വപ്‌നവും ജീവിതവും രണ്ടായ് നീങ്ങിയപ്പോഴുള്ള നഷ്ടവും സ്വപ്‌നങ്ങളുമാണ്‌ മാധവിക്കുട്ടിയുടെ പല കഥകളും. ബാല്യകാല സ്‌മരണകള്‍, എന്റെ കഥ, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി. ആസ്വാദകരെ വീണ്ടും വീണ്ടും വായിപ്പിച്ച പുസ്തകങ്ങള്‍.

പ്രണയത്തിന്റെ തുറന്നെഴുത്തിന്റെ പേരില്‍ സദാചാരാക്രമത്തിന് നിരന്തരം വിധേയയായ മറ്റൊരു കഥാകാരിയില്ല. കൃഷ്ണനെ പ്രണയിച്ചവള്‍ അല്ലാഹുവില്‍ അഭയം കണ്ടപ്പോഴും ആക്രമണത്തിനിരയായി. സ്നേഹം മാത്രം എഴുതിയ കഥാകാരിയുടെ ഹൃദയം അത്രമേല്‍ വേദനിച്ച ദിനങ്ങള്‍. പക്ഷേ കമല സുരയ്യ തളര്‍ന്നില്ല.

പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ പ്രകടമാക്കാത്ത സ്നേഹം നിരര്ഥകമാണെന്നവര്‍ ആവര്‍ത്തിച്ചു. മെയ് ജൂണിലേക്ക് പകരുന്ന ഒരു രാവിലാണ് മാധവിക്കുട്ടി വിടവാങ്ങിയത്.

പുന്നയൂർക്കുളത്തെ കാവുകളിലും പൂപ്പൽ പിടിച്ച കുളക്കടവിലും നീർമാതളം മണക്കുന്ന ഇടവഴികളിലും മാത്രമല്ല നമ്മിലോരോരുത്തരിലും ആമി ഉറങ്ങാതിരിക്കുന്നു.