വയനാട് കല്‍പ്പറ്റ നഗരം നവീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി ടൌണിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഫുഡ്പാത്ത് നവീകരണമാണ് ആദ്യം നടക്കുക. കല്‍പ്പറ്റ പട്ടണത്തിലെ പുതിയ ബസ്റ്റാന്‍റ് പരിസരത്ത് നിന്നാണ് കയ്യേറ്റമൊഴിപ്പിക്കല്‍ ആരംഭിച്ചത്. ഗതാഗതക്കുരുക്ക് നേരിടുന്ന പട്ടണത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പുറത്തേക്ക് ഇറക്കിക്കെട്ടിയ കയ്യേറ്റങ്ങള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് പൊളിച്ച് നീക്കിയത്. അഞ്ച് കോടി രൂപ ചെലവഴിച്ച് കല്‍പ്പറ്റ നഗരത്തില്‍ നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ക്ക് മുന്നോടിയായാണ് കയ്യേറ്റമൊഴിപ്പിച്ച് തുടങ്ങിയത്.
നടപ്പാത നിര്‍മ്മാണം , ഫുഡ്പാത്ത് നവീകരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഒരുമാസം നീണ്ട് നിന്ന സര്‍വ്വേ നടപടികള്‍ക്ക് ശേഷമായിരുന്നു പൊളിച്ച് നീക്കല്‍. സര്‍വ്വേ അശാസ്ത്രീയമാണെന്ന് കാണിച്ച് നാല് വ്യാപാരികള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി സ്റ്റേ അനുവദിച്ചില്ല. പിന്നീട് കയ്യേറ്റമൊഴിപ്പിക്കലുമായി നഗരത്തിലെ വ്യാപാരികള്‍ സഹകരിക്കുകയായിരുന്നു.