യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച കേസില്‍ ബസുടമ സുരേഷ് കല്ലടയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ സുരേഷിന് പങ്കുള്ളതിന് നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേ സമയം സംഭവുമായി ബന്ധമില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും സുരേഷ് കല്ലട പ്രതികരിച്ചു.
വൈകുന്നേരം നാല് മുപ്പതോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 10 മണിവരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളടക്കം പരിശോധന വിധേയമാക്കി. സുരേഷിന് സംഭവുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തുമെന്നും അന്വേഷണഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കുറ്റക്കാരായ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും സുരേഷ് കല്ലട പ്രതികരിച്ചു. റിമാന്റില്‍ കഴിയുന്ന ഏഴ് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും അന്വേഷണം ഏത്രയും വേഗം പൂര്‍ത്തിയാക്കാനുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.