India Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 7 പ്രതികൾ റിമാൻഡിൽ

കല്ലട ബസില്‍ യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസ് ജീവനക്കാരായ 7 പ്രതികൾ റിമാൻഡിൽ. വധശ്രമം, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം ബസ് ഉടമ സുരേഷ് കല്ലട ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായേക്കും.

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിൽ ഏഴു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിലെയും വൈറ്റില ഓഫീസിലെയും ജീവനക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ പരാതിക്കാരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കില്ലർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ ഉൾപെട്ട ബസിന്റെ പെർമിറ്റ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ റദ്ദ് ചെയ്യാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യലിനു ഹാജരാവണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ നോട്ടീസ് പ്രകാരം ബസുടമ സുരേഷ് കല്ലട കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മുമ്പാകെ എത്തിയേക്കും എന്നാണ് സൂചന.

ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് തര്‍ക്കിച്ച യാത്രക്കാരെ വൈറ്റിലയില്‍ വെച്ച് ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസാണ് കേസെടുത്തത്.