Kerala

ഹാരിസിന്‍റെ മരണം; നഴ്സിങ് ഓഫീസറുടെ വാദം ശരിവെച്ച ഡോ. നജ്മക്കെതിരെ നടപടിയുണ്ടാകും

അനാവശ്യ പ്രചാരണങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽ. ‌ഡോ.നജ്മയും നഴ്സിങ്ങ് ഓഫീസറും ഉന്നയിച്ച ആരോപണങ്ങള്‍ ഇവിടെ നടന്നിട്ടില്ല. നജ്മയ്ക്കെതിരെ നടപടി ഉണ്ടാകും. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്‍റെ മരണ കാരണമെന്നും മെഡിക്കല്‍ കോളജിന്‍റെ വിശദീകരണം.

നജ്മ ആശുപത്രി അധികൃതരെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. പുറത്തു വന്ന ശബ്ദരേഖ നൽകിയ നഴ്സ് ഐ.സി.യു വിഭാഗത്തിൽ പ്രവര്‍ത്തിക്കുന്നവരല്ല. ഇവർ കോവിഡ് ചികിത്സാ സംഘത്തിന്‍റെ ഭാഗവുമല്ല. ഇവർ ആശുപത്രിയിൽ എത്തിയത് ഈ അടുത്ത് മാത്രമാണ്. നജ്മയും നഴ്സിങ്ങ് ഓഫീസറും ഉന്നയിക്കുന്ന കാര്യങ്ങൾ ഇവിടെ നടന്നിട്ടില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്‍റെ മരണ കാരണം. ആരോപണം ഉന്നയിച്ച ഡോക്ടറുടേത് താൽക്കാലിക സേവനം മാത്രമെന്നും കളമശേരി മെഡിക്കൽ കോളജ് അധികൃതര്‍ പറഞ്ഞു.

അനാവശ്യ പ്രചാരണം സ്ഥാപനത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്. മനുഷ്യ സാധ്യമായ എല്ലാ ചികിത്സയും മരിച്ച ഹാരിസിന് നൽകിയിരുന്നു. ഹാരിസ് ആശുപത്രിയില്‍ എത്തിയത് ഗുരുതരാവസ്ഥയിലാണ്. കോവിഡ് ന്യൂമോണിയ ഉണ്ടായിരുന്നു. വെന്‍റിലേറ്റര്‍ ട്യൂബ് മാറികിടന്നതല്ല മരണകാരണം. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.