HEAD LINES Kerala

ഒറ്റയ്ക്ക് ബോംബുണ്ടാക്കിയെന്ന മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്;

മൂന്നുപേരുടെ മരണത്തിനിടയാക്കിയ കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉള്‍പ്പെടെയാണ് പൊലീസിന്റെ സംശയം. പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. (Kalamassery blast case accused Dominic martin statement details)

സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന മൊഴിയില്‍ പ്രതി ഉറച്ചുനില്‍ക്കുകയാണ്. ആസൂത്രണവും തന്റേത് മാത്രമാണ്. രാവിലെ 7.30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ പെട്രോളും വച്ചിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറകില്‍ ഇരുന്നാണ് സ്‌ഫോടനം നടത്തിയത്. ഹാളില്‍ ബോംബ് വെച്ച ശേഷം പ്രാര്‍ത്ഥന നടക്കുന്ന ഹാളിന്റെ പുറകിലേക്ക് പോയി. അവിടെ ഇരുന്നാണ് ബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില്‍ പുറത്തേക്ക് പോയി എന്നും പ്രതിയുടെ മൊഴിയിലുണ്ട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ആലുവയിലെ അത്താണിയിലെ വീട്ടില്‍ വച്ച് ബോംബ് ഉണ്ടാക്കിയെന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. നാടന്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചത്. വീര്യം കൂടിയ പടക്കത്തിലെ കരി മരുന്ന് സ്‌ഫോടനത്തിനായി ഉപയോഗിച്ചു. കൊച്ചിയില്‍ നിന്നാണ് ഇതിനായുള്ള സാധനങ്ങള്‍ വാങ്ങിയതെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.

കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപെടുത്തും. പ്രതിയുമായി പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. മാര്‍ട്ടിന്‍ താമസിച്ചിരുന്ന വീട്ടിലും ചില വ്യാപാര സ്ഥാപനങ്ങളിലുമായിരിക്കും തെളിവെടുപ്പ് നടക്കുക. അന്വേഷണ പുരോഗതി വിലയിരുത്താന്‍ എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം ചേരും.