കളമശേരിയിലെ അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ തന്നെ ലഭിച്ചേക്കും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ഭദ്രത ഇവർക്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദമ്പതികളിൽ നിന്ന് ഉടൻ അപേക്ഷ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്താണ്. പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം.
പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവ് വിദേശത്താണെന്ന് ബോധ്യപ്പെട്ടത്. കുഞ്ഞിന്റെ മാതാവും പിതാവും ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ല. എറണാകുളത്ത് പഠിക്കുമ്പോഴാണ് ഗർഭിണിയാകുന്നതും പ്രസവിക്കുന്നതും. കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികൾക്ക് കൈമാറി രണ്ട് മാസത്തിനുളളിൽ തന്നെ മാതാവ് വിദേശത്തേക്ക് പോയി എന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിച്ച വിവരം. പിതാവാരാണെന്ന് കണ്ടത്തിയെങ്കിലും ഇയാളും ഒളിവിലെന്ന് തന്നെയാണ് പൊലീസ് പറയുന്നത്.
കുഞ്ഞിന്റെ താൽകാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചിരുന്നു.
ദത്ത് സംഭവം ചർച്ചയായതോടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണാവകാശം നൽകണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികൾ സിഡബ്ല്യുസിയ്ക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് സിഡബ്ല്യുസി കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളുടെ അനുവാദം തേടിയത്.