പാലാ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു ചൂടേറി വരവേ, പളളിക്കേസും മരട് ഫ്‌ലാറ്റ് കേസും കത്തിക്കയറവേ പെട്ടന്ന് മാനത്തു നിന്നും പൊട്ടിവീണു ,ഒരു കരിമണല്‍ വിവാദം. ആദ്യ ദിവസം തന്നെ നനഞ്ഞു ചീറ്റിപ്പോയ പടക്കമായിരുന്നു അതെങ്കിലും, അതു വന്ന വഴി തേടി ഞങ്ങളൊരു അന്വേഷണം നടത്തി. അതിലാദ്യം കണ്ടെത്തിയത് ഒരു ചോദ്യമായിരുന്നു. പാര്‍ലമെന്റില്‍ ഒരു എം.പി ഉന്നയിച്ച ചോദ്യം. രാജ്യസഭാംഗമായിരിക്കെ 2002 ജൂലായ് 25 ന് എന്‍.കെ. പ്രേമചന്ദ്രന്‍ സഭയില്‍, അണുശക്തി വകുപ്പ് മന്ത്രിയോട് 885 ആം നമ്ബരായി ഉന്നയിച്ചതായിരുന്നു അത്.
‘കേരള തീരത്തു നിന്ന് കരിമണല്‍ ഖനനം ചെയ്യുന്നതിനും , ധാതുക്കള്‍ വേര്‍തിരിക്കുന്നതിനുമുള്ള സംയുക്ത സംരംഭമായ കേരള മിനറല്‍സ് ആന്റ് റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിന്റെ ഇപ്പോഴത്തെ നില എന്താണ് ‘ എന്നായിരുന്നു അത്. പ്രേമചന്ദ്രന്‍ ചോദ്യത്തിലുദ്ദേശിച്ച കമ്ബനിയുടെ പേര് കേരള റെയര്‍ എര്‍ത്ത്‌സ് ആന്റ് മിനറല്‍സ് ലിമിറ്റഡ് (കെ.ആര്‍.ഇ. എം.എല്‍) എന്നാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര മന്ത്രി വസുന്ധര രാജ നല്‍കിയ മറുപടി ഇനി പറയാം ‘ കേന്ദ്ര ,പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്, കേരള റെയര്‍ എര്‍ത്ത്‌സ് ആന്റ് മിനറല്‍സ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെയില്‍ ലിമിറ്റഡ് എന്നിവ ചേര്‍ന്ന് ഒരു സംയുക്ത സംരംഭം രൂപീകരിക്കാനും ധാതുമണല്‍ ഖനനത്തിനും സംസ്‌കരിക്കാനുമുള്ള പ്‌ളാന്റ് സ്ഥാപിക്കാനും 2001 ഡിസംബര്‍ 3ന് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. വ്യത്യസ്തമായ മറ്റൊരു ജോയന്റ് വെഞ്ച്വര്‍ പദ്ധതിയുടെ കരാറും ഐ.ആര്‍.ഇ. എല്ലിനു ലഭിച്ചിട്ടുണ്ട്. ‘
ചോദ്യത്തിന് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയില്‍ നിന്നും ഏതു പ്രേമചന്ദ്രനും പകല്‍ പോലെ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. കേരള തീരത്തെ കരിമണല്‍ ഖനനത്തിനും സംസ്‌കരണത്തിനുമായി രൂപീകരിക്കപ്പെട്ടിട്ടുള്ളത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള , നെടുമ്ബാശേ്ശരി അന്താരാഷ്ര്ട വിമാനത്താവള കമ്ബനി (സിയാല്‍ ) പോലെ ഒരു സംരംഭമാണ്. സ്വകാര്യ സംരംഭമല്ല. പ്രേമചന്ദ്രന്റെ 2002 ലെ ഈ ചോദ്യത്തിനു ശേഷം ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന സംഭവങ്ങള്‍ ഉണ്ടായി. അതിലാദ്യത്തേതും നിര്‍ണ്ണായകമായതും 2016 ഏപ്രില്‍ 8 ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചിന്റെ വിധി ന്യായമായിരുന്നു. കരിമണല്‍ ഖനനത്തിന് സംയുക്ത വ്യവസായ സംരംഭങ്ങള്‍ക്കും അവകാശമുണ്ടെന്നായിരുന്നു കേരള സര്‍ക്കാരിന്റെ നിഷേധ നയം തള്ളിക്കൊണ്ടുള്ള പരമോന്നത നീതി പീഠത്തിന്റെ അന്തിമ വിധി. കെ.ആര്‍.ഇ. എം. എല്ലിന് ഖനനാനുമതി നല്‍കി കേരള ഹൈക്കോടതിയുടെ സിംഗിള്‍ , ഡിവിഷന്‍ ബഞ്ചുകളുടെ വിധികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലുകള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കോടതി വിധി വന്ന് സുമാര്‍ ഒരു മാസം കഴിഞ്ഞാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കോടതി വിധി വന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്ബ് , കഴിഞ്ഞ ഫെബ്രുവരി 20 ന് കേന്ദ്ര സര്‍ക്കാരാവട്ടെ , രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് (വിശദ വിവരങ്ങള്‍ പിന്നാലെ )ഏതാനും സംസ്ഥാനങ്ങ ളില്‍ സ്വകാര്യ മേഖലയില്‍ നടന്നു വന്നിരുന്ന കരിമണല്‍ ഖനനം നിരോധിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചു.
അതായത് ,ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നില നില്‍ക്കുന്നത് രണ്ടു വസ്തുതകളാണ്. ഒന്ന്, സുപ്രീം കോടതി വിധി പ്രകാരം സംയുക്ത മേഖലയില്‍ ഖനനമാകാം. രണ്ട്, കേന്ദ്ര വിജ്ഞാപന പ്രകാരം സ്വകാര്യ മേഖലയില്‍ ഖനനത്തിന് അനുമതിയില്ല. 2019 മാര്‍ച്ച് ഒന്നിന് ഖനി മന്ത്രാലയം ജോ. സെക്രട്ടറി ഡോ. നിരഞ്ജന്‍ കുമാര്‍ സിംഗ് ഒപ്പിട്ട ഉത്തരവില്‍, സര്‍ക്കാര്‍ കമ്ബനിക്കോ, സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്ബനിക്കോ ആണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കാവുന്നതെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്രയുമാണ് കരിമണല്‍ ഖനന കാര്യത്തില്‍ രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്ഥയുടെ നഖചിത്രം. ഇതിനിടെ , ഒരേ വിഷയത്തിലെ സ്ഥിരം ചോദ്യകര്‍ത്താവായ എന്‍. കെ. പ്രേമചന്ദ്രന്‍ കഴിഞ്ഞ ജൂലായ് 10ന് പാര്‍ലമെന്റില്‍ പ്രധാന മന്ത്രിയോട് ,സ്വകാര്യ മേഖലയില്‍ ആര്‍ക്കെങ്കിലും ഖനനാനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചോദ്യമുന്നയിച്ചത് എന്തിനു വേണ്ടിയാണ്? സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്‍കാന്‍ കഴിയില്ല എന്ന് ഉത്തമ ബോധ്യമുള്ള സാഹചര്യത്തില്‍ എന്തിനായിരുന്നു അപ്രസക്തമായ ആ ചോദ്യം എന്നതിനുള്ള മറുപടി യാണ് കഴിഞ്ഞ ആഴ്ച മലയാള മനോരമയില്‍ കണ്ടത്.
പ്രേമചന്ദ്രന്റെ മുതലക്കണ്ണീര്‍
കരിമണല്‍ എന്നു കേട്ടാല്‍ എന്‍. കെ. പ്രേമ ചന്ദ്രന്‍ എം.പിക്ക് ചോര തിളയ്ക്കും. അതു പക്ഷേ , കൊല്ലം, ആലപ്പുഴ തീരത്തെ ധാതുമണല്‍ ആരെങ്കിലും ഖനനം ചെയ്യുമെന്ന് വരുമ്ബോഴാണ് എന്നു മാത്രം. സ്വകാര്യ മേഖലയില്‍ ഖനനത്തിന് അനുമതി നല്‍കുന്നുണ്ടോ എന്ന്, പുട്ടിനു പീര ചേര്‍ക്കും പോലെ ഇടക്കിടെ പാര്‍ലമെന്റില്‍ ചോദിക്കാറുണ്ട് കൊല്ലത്തുകാരുടെ ഈ എം.പി. കൊല്ലം, , ആലപ്പുഴ തീരത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്യു ഗ്രേഡ് കരിമണല്‍ തൂത്തുക്കുടിയിലെ വി.വി. മിനറല്‍സ് ഉടമ വൈകുണ്ഠ രാജന്റെ നേതൃത്വത്തില്‍ കള്ളക്കടത്തായി കൊണ്ടു പോയിരുന്ന കാര്യം ഇതുവരെ പ്രേമചന്ദ്രന്‍ എം.പി. അറിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. രമേഷ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ഗത്യന്തരമില്ലാതെ കരിമണല്‍ കള്ളക്കടത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് ഒരന്വേഷണം നടത്തിച്ചിരുന്നു. തൂത്തുക്കുടിക്കാരന്‍ നമ്മുടെ തീരത്തു നിന്നും 50000 കോടിയുടെ കരിമണല്‍ കള്ളക്കടത്തായി കൊണ്ടു പോയി എന്ന കലാകൗമുദി റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചും പിന്നീട് ശരി വെച്ചിരുന്നു. അക്കാലത്തു പോലും വൈകുണ്ഠ രാജനെതിരെ ഒരു പ്രസ്താവന ഇറക്കാനോ പാര്‍ലമെന്റില്‍ വിഷയമവതരിപ്പിക്കാനോ എന്‍. കെ. പ്രേമചന്ദ്രനെ കണ്ടിട്ടില്ല. അത് എന്തു
കൊണ്ടാകുമെന്ന് ആലോചിച്ചാല്‍ പലര്‍ക്കുമുണ്ടാകും പലതും പറയാന്‍. ആര്‍. എസ്.പി. യുടെ തന്നെ മറ്റൊരു നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ കരിമണല്‍ കള്ളക്കടത്തിന് എതിരേ നിലപാട് എടുത്തതിന്റെ ഏഴയലത്തുപോലും ചെല്ലാതെ , ആദ്യം പറഞ്ഞതു പോലെ ഇല്ലാത്ത വിഷയങ്ങളില്‍ , പാര്‍ലമെന്റില്‍ പ്രേമചന്ദ്രന്‍ ചോദ്യങ്ങള്‍ ചോദിച്ചു ചോദിച്ചു പോകുന്നത് യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടിയാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
എത്രയോ കാലമായി കരിമണല്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയന്‍ നേതാവാണ് എന്‍. കെ. പ്രേമചന്ദ്രന്‍. ചവറയിലെ കരിമണല്‍ അധിഷ്ഠിത പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളായ ഐ. ആര്‍.ഇ. , കെ.എം. എം. എല്‍. എന്നിവക്ക് കഴിഞ്ഞ 25 വര്‍ഷത്തിനിടെ തളര്‍ച്ചയോ അതോ വളര്‍ച്ചയോ ഉണ്ടായത്? ചവറക്കാരോട് ഒന്നു ചോദിച്ചു നോക്കണം. കമ്ബനിയുടെ ഉല്പാപാദനത്തിലും തൊഴിലാളികളുടെ എണ്ണത്തിലും ആത്മഹത്യാപരമാം വിധമുണ്ടായ ശോഷിക്കലിന് തൊഴിലാളി നേതാവ്, മന്ത്രി, എം.പി. തുടങ്ങിയ നിലയില്‍ പ്രേമചന്ദ്രന്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കിയിട്ടുണ്ടോ? കുറഞ്ഞ പക്ഷം ഒരു ചോദ്യം, ഒരൊറ്റ ചോദ്യമെങ്കിലും പാര്‍ലമെന്റില്‍ ചോദിച്ചിട്ടുണ്ടോ? നിസ്‌സാര പ്രശ്‌നങ്ങളുടെ പേരില്‍ പ്രേമചന്ദ്രന്‍ നേതാവായുള്ള യു.ടി.യു.സി. ,
ഐ. ആര്‍. ഇ യുടെ പ്രവര്‍ത്തനം നിരന്തരം തടസ്‌സപ്പെടുത്തിക്കൊണ്ടിരുന്നതിന്റെ നിരവധി കഥകള്‍ വെള്ളനാതുരുത്തുകാര്‍ക്ക് പറയാനുണ്ട്. അങ്ങനെ ഐ. ആര്‍. ഇ യും , കെ.. എം. എം. എല്ലും അടഞ്ഞു കിടന്ന കാലത്താണ് തീരത്ത് കള്ളക്കടത്ത് നിര്‍ബാധം നടന്നതെന്നതും സകലര്‍ക്കുമറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. പക്ഷേ, എന്‍.കെ. പ്രേമചന്ദ്രനു മാത്രമതൊന്നുമറിയില്ല. ഒരു പക്ഷേ, ഗ്രിന്റക്‌സ് രാജീവിന് അറിയുമായിരിക്കും!
ചോദ്യത്തിനു പിന്നാലെ വന്ന നുണ ബോംബ്.., ! സുപ്രീം കോടതി വിധിയെക്കുറിച്ചു പോലും കള്ള പ്രചാരണം
പ്രേമചന്ദ്രന്റെ പാര്‍ലമെന്റ് ചോദ്യത്തിന് ചുവടുപിടിച്ച് മലയാള. മനോരമ പത്രം പടച്ചു വിട്ട കള്ള വെണ്ടയ്ക്കാ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.’ കരിമണല്‍ മേഖലയില്‍ വഴിവിട്ട നീക്കം . സ്വകാര്യ ഖനനം ‘ ഒപ്പം , ‘ സ്വകാര്യ മേഖലക്ക് ഖനനാനുമതി നല്‍കാന്‍ വ്യവസായ വകുപ്പ് , സി.പി.എം. നീക്കം എല്‍.ഡി. എഫ് ഘടക കക്ഷികള്‍ പോലുമറിയാതെ ‘ എന്ന രണ്ടു കിടിലന്‍ ഹൈ ലൈറ്റുകളും വാര്‍ത്തക്ക് എക്‌സ്ട്രാ ഫിറ്റിങ്ങായി ചേര്‍ക്കുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരി 20 നാണ് കരിമണല്‍ ഖനനത്തിന് നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇതിനു ശേഷം സ്വകാര്യ മേഖലയില്‍ ഖനനാനുമതി തേടി സര്‍ക്കാര്‍ മുമ്ബാകെ ഒരപേക്ഷയും വന്നിട്ടില്ല. ഇതു മറച്ചു വെച്ച്, കേന്ദ്ര വിജ്ഞാപനത്തിനു ശേഷവും അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട നീക്കം നടത്തിയെന്നും വ്യവസായ വകുപ്പ് ഡയറക്ടര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി എന്നുമാണ് പ്രചരിപ്പിക്കപ്പെട്ടത്. പുതിയ കേന്ദ്ര വിജ്ഞാപനത്തിനു ശേഷം സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എന്നതാണ് വസ്തുത . സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത കമ്ബനികള്‍ക്കു മാത്രമേ അനുമതി നല്‍കാനാവൂ എന്നതും നാം കണ്ടു കഴിഞ്ഞു.അത്തരം കമ്ബനികളുടെ ഓഹരി പങ്കാളിത്തവും മറ്റും തീരുമാനിക്കേണ്ടതും സര്‍ക്കാരാണ്. സുപ്രീം കോടതിയും ഖനനാനുമതി നല്‍കിയത് നിര്‍ദ്ദിഷ്ട സംയുക്ത സംരംഭത്തിനാണ്.. എന്‍.കെ.പ്രേമചന്ദ്രനും മനോരമയും ഇതൊക്കെ ബോധപൂര്‍വം മറച്ചു വെച്ചാണ് പ്രചാരണം നടത്തിയത്.2016 ഏപ്രില്‍ 8 നാണ് കരിമണല്‍ക്കേസില്‍ സുപ്രീം കോടതി വിധി വന്നത്. ആ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത ദിനപത്രം തന്നെയാണ് കോടതി വിധി 2004 ല്‍എന്ന് കളവായി ആവര്‍ത്തിച്ച് എഴുതുന്നത്..!
15 വര്‍ഷത്തിനു ശേഷം സര്‍ക്കാര്‍ എന്തോ പ്രത്യേക താല്പര്യമെടുക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനാണിത്.
ധാതുമണല്‍ അധിഷ്ഠിത മേഖലയിലെ മൂല്യവര്‍ദ്ധിത വ്യവസായ സ്ഥാപനമായ ആലുവയിലെ സി.എം.ആര്‍.എല്‍ കമ്ബനിക്ക് എതിരെ രണ്ടു പതിറ്റാണ്ടിലേറെയായി വ്യാജവാര്‍ത്തകള്‍ നല്‍കുന്ന പ്രമുഖ പത്രം തന്നെയാണ് .ഇക്കുറിയും നുണപ്രചാരണവുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. മാധ്യമ സ്ഥാപനത്തിന്റെ വ്യക്തി വിരോധവും ബിസിനസ് താല്പര്യങ്ങളുമാണ് ഇതിനു പിന്നിലെന്നും വ്യക്തം. കരിമണല്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമവിധി ന്യായമാണ് ഉണ്ടായത്. കോടതിയുടെ ‘നിര്‍ദ്ദേശം ‘ മാത്രമാണ് ഉണ്ടായതെന്ന വാര്‍ത്തയിലെ പരാമര്‍ശം പച്ചക്കള്ളമാണ്.എന്നുമാത്രമല്ല ,
സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം വഴിവിട്ടതെന്ന് ഒരു ദിനപത്രം അച്ചടിക്കുന്നത് യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതിയെ തന്നെ വെല്ലുവിളിക്കലാണ്.
സുപ്രീം കോടതിയുടെ വിധി ഹാജരാക്കേണ്ടത് പോസ്റ്റ് ഓഫീസിലാണോ പ്രേമചന്ദ്രാ ?
സംയുക്ത മേഖലയില്‍ ഖനനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി , കേസ് ജയിച്ചവര്‍ നടപ്പാക്കിക്കിട്ടാന്‍ ഹാജരാക്കേണ്ടത് സര്‍ക്കാര്‍ മുമ്ബാകെയല്ലാതെ പിന്നെ എവിടെയാണ്? അതിനി , പോസ്റ്റ് ഓഫീസില്‍ കൊണ്ടു പോയി കൊടുക്കണമെന്ന് പാര്‍ലമെന്റംഗം പറയുമോ എന്തോ.?! സുപ്രീം കോടതിയുടെ വിധിയാണോ , അതിനു ശേഷം കേന്ദ്രം പുറപ്പെടുവിച്ച കേവലമൊരു ഉത്തരവാണോ നിലനില്‍ക്കുക എന്നത് ക്വസ്റ്റ്യന്‍ ഓഫ് ലോ ആണ്. അത്തരം വിഷയങ്ങള്‍ നിയമ വകുപ്പിലേക്കു വിടുന്നത് സ്വാഭാവിക നടപടി ക്രമം മാത്രമാണ്. ഒളിവിലല്ല ,കോടതി വിധിയുടെ തെളിച്ചത്തില്‍ നടക്കുന്ന സ്വഭാവിക നടപടിയാണ് അതെന്ന് പേരിനു മുന്നില്‍ അഡ്വക്കേറ്റ് എന്ന് എഴുതി വെയ്ക്കുന്നവര്‍ക്കും മനസ്‌സിലാകുന്നില്ലെങ്കിലതിനു വേറെയുണ്ടാകണം കാരണങ്ങള്‍. മനോരമ വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു എന്നാണ് അടുത്ത കള്ളം . ഏത് ഏജന്‍സിയാണ് അന്വേഷണമാരംഭിച്ചതെന്നോ, ആരാണത് സ്ഥിരീകരിച്ചത് എന്നോ വ്യക്തമാക്കാതെയാണ് ഈ വ്യാജ പ്രചാരണവും.സാധാരണ ഗതിയില്‍ എഴുതിയ വാര്‍ത്ത ചീറ്റിപ്പോകുമ്ബോള്‍ തടിയൂരാന്‍ പിറ്റേന്നു ചമയ്ക്കുന്ന തുടര്‍കള്ളക്കഥയാണീ കേന്ദ്ര ഏജന്‍സി അന്വേഷണ തിരക്കഥയെന്നു ഒരുമാതിരിപ്പെട്ടവര്‍ക്കെല്ലാം അറിയാവുന്നതാണ്.
പിണറായി സര്‍ക്കാരും കരിമണല്‍ കേസിലെ സുപ്രീം കോടതി വിധിയും
സംസ്ഥാന സര്‍ക്കാരും വ്യവസായ മന്ത്രി ഇ.പി. ജയരാജനും സ്വകാര്യ മേഖലയെ സഹായിക്കാന്‍ അവിഹിതമായി എന്തൊക്കെയോ ചെയ്യുന്നു എന്ന പ്രചാരണം പച്ചക്കള്ളമാണ് എന്ന് രേഖകള്‍ തെളിയിക്കുന്നു. യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി വരെ പോയി കേസ് ജയിച്ചു വന്ന കെ.ആര്‍. ഇ . എം.എല്‍ എന്ന പ്രൊപ്പോസ് ഡ് ജോയന്റ് വെഞ്ച്വറിനെ ദ്രോഹിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിമിഷം വരെ സ്വീകരിച്ചിട്ടുള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ ബോധ്യമായി. സുപ്രീംകോടതി വിധിക്കു ശേഷം, സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ഒപ്പം ആലുവയിലെ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടെയില്‍ ലിമിറ്റഡ് കൂടി ഉള്‍പ്പെട്ട പ്രപ്പോസഡ്
ജോയന്റ് വെഞ്ചര്‍ കമ്ബനിയായ കേരള റെയര്‍ എര്‍ത്ത്‌സ് ആന്റ് മിനറല്‍സ് ലിമിറ്റഡ് (കെ.ആര്‍.ഇ.എം.എല്‍) , അതു നടപ്പാക്കി കിട്ടാന്‍ സര്‍ക്കാരിന് ഇരുപതോളം തവണ റിമൈന്‍ഡര്‍ നല്‍കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ ചെറുവിരലനക്കിയില്ല. മൂന്നര വര്‍ഷക്കാലവും അതിനു മേല്‍ അടയിരുന്ന സര്‍ക്കാര്‍ ഫലത്തില്‍ കമ്ബനിക്ക് കോടതി അലക്ഷ്യ ഹര്‍ജി നല്‍കാനുള്ള അവസരം പോലും നിഷേധിക്കയാണ് ചെയ്തത്.
നമ്മുടെ കരിമണല്‍ കടത്തിയത് വടക്കന്‍ കൊറിയയുടെ ആണവ പദ്ധതിക്ക്!
കേരള തീരത്തു നിന്നും കള്ളക്കടത്തായി കൊണ്ടുപോയ കരിമണലിലെ മോണോ സൈറ്റ് വടക്കന്‍ കൊറിയയുടെ ആണവ പദ്ധതികള്‍ക്കായും ഉപയോഗപ്പെടുത്തിയെന്നു സൂചന. കരിമണല്‍ കേസിലെ അമിക്കസ് കൂറി സുപ്രീം കോടതി മുമ്ബാകെ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. സംസ്ഥാനത്ത് വ്യാപകമായി കരിമണല്‍ കൊള്ള നടന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടും കൊല്ലം ജില്ലയിലെ ചില ജനപ്രതിനിധികള്‍ മൗനം പാലിച്ചതിനു പിന്നില്‍ ഈ അന്താരാഷ്ര്ട കള്ളക്കടത്ത് ബന്ധമെന്നാണ് സൂചന. കൊല്ലം – ആലപ്പുഴ തിരത്തെ 50000 കോടി രൂപ മതിപ്പു വിലവരുന്ന ക്യു ഗ്രേഡ് കരിമണല്‍ തൂത്തുക്കുടിയിലെ വി.വി മിനറല്‍സ് സംസ്ഥാനത്തെ ചിലരുടെ ഒത്താശയോടെ കടത്തിക്കൊണ്ടു പോയത് കേരള- തമിഴ് നാട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ കണ്ടെത്തിയിരുന്നു.
9.65 ലക്ഷം ടണ്‍ ധാതുമണല്‍ വി.വി. മിനറല്‍സ് രാജ്യത്തു നിന്നും നിയമ വിരുദ്ധമായി കടത്തിയതായി
അമിക്കസ് കൂറി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. വി.വി. മിനറല്‍സിനു പുറമെ സ്വകാര്യ കമ്ബനികളായ ട്രാന്‍സ് വേള്‍ഡ് ഗാര്‍നറ്റ് ഇന്ത്യ, ബീച്ച് മിനറല്‍ സാന്‍ഡ് കമ്ബനി, ഇന്ത്യന്‍ ഓഷന്‍ ഗാര്‍നറ്റ് സാന്‍ഡ്‌സ് ഗ്രൂപ്പ് എന്നിവ കരിമണലില്‍ നിന്നും 57. 71 ലക്ഷം ടണ്‍ ഘന ധാതുക്കള്‍ വേര്‍ തിരിച്ചെടുത്തു കയറ്റുമതി ചെയ്തു എന്നാണ് കണക്ക്. എന്നാല്‍ ഇത്ര മാത്രം ഉല്പാദനം നടത്താനുള്ള കരിമണല്‍ ഖനനം ചെയ്യാന്‍ സര്‍ക്കാര്‍ അംഗീകരിച്ച മൈനിംഗ് സ്‌കീം പ്രകാരം ഈ കമ്ബനികള്‍ക്ക് അനുമതി ഇല്ലാത്തതാണ്.
കരിമണല്‍ കള്ളക്കടത്തിന് തെളിവായി അമിക്കസ് കൂറി കോടതി മുമ്ബാകെ ബോധിപ്പിച്ചു. ആണവ ധാതുവായ മോണോ സൈറ്റ് കയറ്റുമതി ചെയ്യാന്‍ ഒരു കമ്ബനിക്കും അനുമതിയില്ല. കരിമണലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മോണോസൈറ്റും തോറിയവുമൊക്കെ അണുശക്തി വകുപ്പിന് കമ്ബനികള്‍ കൈമാറണമെന്നാണ് വ്യവസ്ഥ
എന്നാല്‍ രൂപമാറ്റം വരുത്തി , വി.വി. മിനറല്‍സ് ഉള്‍പ്പെടെയുള്ള കള്ളക്കടത്ത് കമ്ബനികള്‍ മോണോ സൈറ്റും കടത്തിയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നതെന്ന് അമിക്കസ് കൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ മോണോ സൈറ്റ് വടക്കന്‍ കൊറിയയിലേക്കു വരെ ഇവര്‍ കയറ്റി അയച്ചതായി സൂചനകളുണ്ടെന്നും അമിക്കസ് ക്യൂറി കോടതി മുമ്ബാകെ ബോധിപ്പിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളാകെ വടക്കന്‍ കൊറിയയുടെ ആണവ പദ്ധതികള്‍ക്ക് എതിര് നില്‍ക്കുമ്ബോഴാണ് കേരളത്തിലെ ഒരു പാര്‍ലമെന്റ് അംഗത്തിന് അടുത്ത ബന്ധമുള്ളതായി ആരോപണമുള്ള അന്യസംസ്ഥാന കമ്ബനിയുടെ നേതൃത്വത്തില്‍ നടന്ന രാജ്യാന്തര മാഫിയാ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കോടതി മുമ്ബാകെ ഹാജരാക്കപ്പെട്ടത്. ഇത്തരത്തില്‍ വ്യാപകമായ തോതില്‍ നടക്കുന്ന കരിമണല്‍ കള്ളക്കടത്ത് കണക്കിലെടുത്താണ്, സ്വകാര്യ മേഖലയില്‍ ഖ ന നം നിരോധിച്ച് 2019 ഫെബ്രൂ വരി 20 ന് കേന്ദ്രം ഉത്തരവിറക്കിയത്.
കരിമണല്‍ കള്ളക്കടത്തുകാലത്ത് സേഫ് ലോക്കറിലാവുന്ന ശബ്ദത്തിനുടമകള്‍
ധാതു മണല്‍ അഥവാ കരിമണല്‍, ഭാവിയിലേക്കുള്ള നിക്ഷേപവും സമ്ബത്തുമാണെന്ന് തിരിച്ചറിഞ്ഞവരാണ് ലോകത്തെ എല്ലാ വികസിത രാജ്യങ്ങളും . ഭാവിയുടെ ഇന്ധനങ്ങളായ തോറിയവും മോണോ സൈറ്റുമെല്ലാം വന്‍ തോതിലാണ് വികസിത രാജ്യങ്ങള്‍ നാളെയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി കരുതി വെയ്ക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ധാതു മണല്‍ ശേഖരത്തിന്റെ അക്ഷയ നിധിയുള്ളത് നമ്മുടെ കൊല്ലം, ആലപ്പുഴ തീരങ്ങളിലാണന്ന് പെട്രോമാക്‌സുകള്‍ ഉണ്ടാക്കിയ ജര്‍മ്മന്‍കാര്‍ മുതല്‍ സ്വതന്ത്ര തിരുവിതാം കൂറിനു വേണ്ടി അമേരിക്കന്‍ മോഡലിനായി നിലകൊണ്ട സര്‍. സി.പി.ക്കു വരെ അറിയാമായിരുന്നു. ശ്രീ പത്മനാഭന്റെ അളവറ്റ സമ്ബത്തും കരിമണലിന്റെ സാധ്യതയും കണ്ടു തന്നെയാണ് സി.പി, ഇന്ത്യന്‍ യൂണിയനില്‍ ചേരേണ്ടതില്ലെന്ന നിലപാടെടുത്തതും സാക്ഷാല്‍ മുഹമ്മദാലി ജിന്നയ്ക്ക് കത്തയച്ചതെന്നതും ചരിത്രമാണ്.
സംസ്ഥാനത്ത് ചവറ റേഞ്ച് എന്നറിയപ്പെടുന്ന നീണ്ടകര മുതല്‍ കായംകുളം വരെയുള്ള 22 കിലോമീറ്റര്‍ തീരത്ത് 12.27 കോടി ടണ്‍ ധാതുമണലുണ്ടെന്നാണ് വിദഗ്ധ സംഘം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായത്. ചുരുക്കി പറഞ്ഞാല്‍ അറബി നാടുകളെ സമ്ബന്നമാക്കിയ പെട്രോളിയത്തിന്റെ അനേകം മടങ്ങ് മൂല്യമുള്ളതും കേരളത്തെ മറ്റൊരു ഗള്‍ഫാക്കി മാറ്റാന്‍ പോന്നതുമായ അക്ഷയനിധി. ഈ ധാതുമണല്‍ സമ്ബത്തും തമിഴ്‌നാടിന് തീറെഴുതിക്കൊടുക്കാന്‍ അച്ചാരം വാങ്ങിയവരാണ് നമ്മുടെ രാഷ്ര്ടീയ നേതൃത്വമെന്ന് കഴിഞ്ഞ യു.പി.എ. സര്‍ക്കാരിലെ കേന്ദ്ര ഖനി തൊഴില്‍ സഹമന്ത്രി വിഷ്ണു ദേവ് സായി പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമായിരുന്നു.
അന്നത്തെ കേന്ദ്ര ഖനന നയത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട 123 ലൈസന്‍സുകളും തമിഴ്‌നാട്ടിലെ സ്വകാര്യ കമ്ബനികള്‍ക്കാണെന്നും അതില്‍ 92 എണ്ണം, കേരളത്തിലെ രാഷ്ര്ടീയ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒത്താശയോടെ സംസ്ഥാനത്തു നിന്നും 50000 കോടിയുടെ ധാതുമണല്‍ കൊള്ള നടത്തിയ തമിഴ്‌നാട് കമ്ബനിക്കാണെന്നും അറിഞ്ഞിട്ടും ഇവിടെ പ്രസ്താവനാ യുദ്ധം നടത്തുന്ന എം.പിിയും രാഷ്ര്ടീയ നേതാാക്കളുംക്കളും ഒരക്ഷരം ഉരിയാടിിയില്ല… കരിമണല്‍ കള്ളക്കടത്ത് നടത്തുന്ന തമിഴ്‌നാട്ടിലെ മാഫിയാ തലവനായ വൈകുണ്ഠരാജനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ പേരിന് ഒരു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി തടിതപ്പിയതാണ് അന്നത്തെ കേരള സര്‍ക്കാര്‍. കള്ളക്കടത്ത് സ്ഥിരീകരിച്ച് നിയമഭേദഗതി അടക്കം ശുപാര്‍ശ ചെയ്ത എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പോയ വഴി കണ്ടിട്ടില്ല. സൂര്യന് താഴെയുള്ള സകല വിഷയങ്ങളും എടുത്തിട്ട് അലക്കുന്ന നമ്മുടെ നിയമസഭാ സമാജികര്‍ക്ക് സഭയില്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വിഷയം പോലുമായിരുന്നില്ല കരിമണല്‍ കള്ളക്കടത്തും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടും. തമിഴ്‌നാട് സര്‍ക്കാര്‍ വൈകുണ്ഠരാജന് അന്ന്‌നല്‍കിയ 92 ഖനനാനുമതികളില്‍ ഒരു തരി കരിമണല്‍ ഇല്ലാത്ത തൃശ്‌നാപ്പിള്ളി വരെ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍ നിന്നും കരിമണല്‍ കൊള്ളയടിക്കാനുള്ള മറ മാത്രമായിരുന്നു അത്.എന്‍. കെ. പ്രേമചന്ദ്രന്റെയൊക്കെ ശബ്ദം പക്ഷേ, അക്കാലത്ത് ഏതോ സേഫ് ലോക്കറിലായിരുന്നു.
സംസ്ഥാനത്തെ പൊതുമേഖലാ കമ്ബനികളായ ഐ.ആര്‍.ഇയും , കെ.എം.എം.എല്ലും ഖനനം നിര്‍ത്തിവയ്ക്കുമ്ബോള്‍ തമിഴ്‌നാട്ടിലെ കള്ളക്കടത്ത് മാഫിയയ്ക്ക് അത്ചാകരക്കാലമായിരുന്നു. തമിഴ്‌നാട് തീരത്തുള്ള ഇല്‍മനൈറ്റിന്റെ ഗാഢത 48-50 ശതമാനമാണ്. ചവറയില്‍ മാത്രമാണ് 60 ശതമാനം ഗാഢതയുള്ള ഇല്‍മനൈറ്റ് ശേഖരമുള്ളത്. ഗുണം കുറഞ്ഞ തമിഴ്മണ്ണിനെ മുന്തിയതാക്കാന്‍ അവര്‍ക്ക് ‘സ്വീറ്റ്‌നറായ’ കൊല്ലം ആലപ്പുഴ കരിമണല്‍ കൂടിയേ തീരൂ. നാട്ടിലെ കുഞ്ഞുങ്ങള്‍ക്കു പോലുമറിയാവുന്ന ഇക്കാര്യങ്ങള്‍ മാത്രംപാര്‍ലമെന്റിലും നിയമസഭയിലുമൊന്നും ഉരിയാടാതിരുന്ന നമ്മുടെ ജനപ്രതിനിധികളില്‍ ആര്‍ക്കൊക്കെയാണ് ‘ചോറിങ്ങും കൂറങ്ങും’ എന്നത് പകല്‍ പോലെ വ്യക്തമാകുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങളുടെ സമ്ബദ്ഘടനയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കാന്‍ എല്ലാ നടപടികളും എടുക്കുമ്ബോള്‍ ഭാവിയുടെ വ്യവസായമായ കരിമണല്‍ മേഖലയില്‍ മൂല്യവര്‍ദ്ധനയ്ക്കു പോലും സര്‍ക്കാര്‍ അവസരമൊരുക്കുന്നില്ല എന്ന് , ലോകത്തിലെ ഏറ്റവും മികച്ച സിന്തറ്റിക് റൂട്ടൈല്‍ ഉല്പാദകരായ സി.എം.ആര്‍.എല്ലും മറ്റു കമ്ബനികളും നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് മനസിലാക്കാനാവും. കാല്‍ നൂറ്റാണ്ടു മുമ്ബ് വ്യവസായ മന്ത്രിയായിരുന്ന കെ.ആര്‍ . ഗൗരിയമ്മ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനപ്രകാരം ക്ഷണിച്ചു വരുത്തി തുടങ്ങിച്ചതാണ് സി.എം. ആര്‍. എല്‍. എന്ന വ്യവസായ സ്ഥാപനം. പ്രവര്‍ത്തിക്കാനാവശ്യമായ ഇല്‍മനൈറ്റ് മുടങ്ങാതെ നല്‍കിക്കൊള്ളാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്.എന്നാല്‍, ഇത് പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സ്ഥാപനം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നിലനില്‍പ്പിനായി കരിമണല്‍ ഇറക്കുമതി ചെയ്യേണ്ടുന്ന ഗതികേടിലാണിന്ന്. കേരളത്തില്‍ ഖനനം നടക്കാതെ കരിമണല്‍ കള്ളക്കടത്ത് അനസ്യൂതം തുടരണമെന്നത് ചിലരുടെ വ്യക്തിതാല്പര്യമാണ്. സംസ്ഥാനത്ത് സംയുക്ത മേഖലയില്‍ ഖനനം നടക്കരുത് എന്നതും. ഈ സ്വകാര്യ അജണ്ട മൂലം സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവജനങ്ങളുടെ സ്വപ്‌നങ്ങളാണ് വൈകുണ്ഠരാജനു വേണ്ടി ഏതാനും ചിലരുടെ സ്വാര്‍ത്ഥ താല്പര്യത്തിന്റെ ഫലമായി ബലികൊടുക്കപ്പെടുന്നത്.
പാഴാക്കുന്നത് കേരളത്തെ ഗള്‍ഫാക്കാന്‍ പോന്ന നിധി
ഗള്‍ഫ് രാജ്യങ്ങളെ പോലെ കേരളത്തെ സന്പന്നമാക്കാന്‍ കഴിയുന്ന ധാതുമണലിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താതെ സംസ്ഥാനം പാഴാക്കുന്നത് ദശലക്ഷം കോടിയുടെ അമൂല്യസമ്ബത്താണ്. പ്രതിവര്‍ഷം 50,000 കോടി രൂപ വിറ്റുവരവും പതിനായിരം കോടി രൂപ ലാഭവും നേടാനുള്ള ധാതുസമ്ബത്താണ് നമ്മുടെ തീരത്തുള്ളത്. കേരളതീരത്ത് അടുത്ത 300 വര്‍ഷത്തേക്കുള്ള ധാതുമണല്‍ശേഖരം ഉണ്ടെന്നാണ് കണക്ക്. ചവറ തീരത്ത് എട്ടുകോടി ടണ്‍ ഇല്‍മനൈറ്റ് നിക്ഷേപം ഉണ്ട്. ഇപ്പോള്‍ 2.3 ലക്ഷം ടണ്‍ ഇല്‍മനൈറ്റ് സംസ്‌കരിക്കുന്നത് വച്ചുള്ള കണക്കാണിത്. കൂടുതല്‍ പദ്ധതികളിലൂടെ വര്‍ഷം പത്തുലക്ഷം ടണ്‍ സംസ്‌കരിച്ചാല്‍ തന്നെയും അടുത്ത നൂറുകൊല്ലത്തേക്കുള്ള ഇല്‍മനൈറ്റ് ഇപ്പോള്‍തന്നെ നമുക്കുണ്ട്. വ്യാജ പരിസ്ഥിതിവാദികളെയും ഖനനവിരോധികളെയും മറയാക്കിയാണ് നീണ്ടകര മുതല്‍ ആറാട്ടുപുഴ വരെയുള്ള ഇരുപത്തിരണ്ട് കിലോമീറ്റര്‍ പ്രദേശത്തു നിന്ന് തൂത്തുക്കുടിയിലെ
കള്ളക്കടത്ത് ലോബി കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ ധാതുസമ്ബത്ത് തട്ടിയെടുത്തത്. ലോകത്താകെയുള്ള ധാതുശേഖരത്തിന്റെ അറുപത് ശതമാനം ചൈനയിലാണ്. കേരളതീരത്തും ഇതേ നിലവാരത്തിലുള്ള ധാതുക്കളാണുള്ളത്. പെട്രോളിനെ വെല്ലുന്ന ഈ സമ്ബത്ത് ഓരോ രാത്രിയും കൊള്ളക്കാര്‍ കൊണ്ടുപോകുന്നതില്‍ കപടപരിസ്ഥിതി വാദികള്‍ക്കും രാഷ്ര്ടീയക്കാര്‍ക്കും ഖേദമില്ല, ആശങ്കയുമില്ല. ആലപ്പുഴ തീരത്തു നിന്ന് കൊള്ളയടിക്കുന്ന മുതല്‍ ഉടമയ്ക്ക് തന്നെ വില്‍ക്കുന്നു എന്നതാണ് ഏറ്റവും വിചിത്രം. തൂത്തുക്കുടി കമ്ബനി കൊള്ളമുതലില്‍നിന്നു നിര്‍മ്മിക്കുന്ന ഇല്‍മനൈറ്റ് വാങ്ങേണ്ട ഗതികേടിലായിരുന്നു സര്‍ക്കാര്‍ സ്ഥാപനമായ കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍).
കേരളതീരത്ത് വന്‍ ധാതുശേഖരം ഉള്ളപ്പോഴാണ് കെ.എം.എം എല്ലിന് വര്‍ഷം 40,000 ടണ്‍ ഇല്‍മനൈറ്റ് നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. ആലുവയിലെ സ്വകാര്യ സ്ഥാപനമായ സി.എം.ആര്‍.എല്ലാകട്ടെ, ആഫ്രിക്കയിലെ മൊസാമ്ബിക്കില്‍
നിന്നും ശ്രീലങ്കയില്‍ നിന്നും ഇല്‍മനൈറ്റ് ഇറക്കുമതി ചെയ്യുകയാണ്. ആവശ്യത്തിന് ഇല്‍മനൈറ്റ് നല്‍കിക്കൊള്ളാമെന്ന ഉറപ്പില്‍ കാല്‍നൂറ്റാണ്ട് മുമ്ബ് സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ കമ്ബനിയാണ് ചുറ്റും ആവോളമുള്ള ധാതുമണല്‍ കിട്ടാതെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. രാജ്യത്തിന്റെ സമ്ബദ്ഘടന പൊളിച്ചെഴുതാന്‍ കഴിയുന്ന ധാതുസമ്ബത്ത് ഉപയോഗിക്കാതിരുന്നാല്‍ കടല്‍ അത് എടുത്തുകൊണ്ടുപോയി മറ്റ് തീരങ്ങളില്‍ നിക്ഷേപിക്കുമെന്ന് ശ്രീലങ്കയെ ചൂണ്ടിക്കാട്ടി വിദഗ്ധര്‍ പറയുന്നു. കരിമണല്‍ എടുത്താല്‍ കടല്‍ കരയിലേക്ക് കയറി ആ പ്രദേശം വെള്ളത്തിലാകുമെന്ന ഭീതിയാണ് രാഷ്ര്ടീയ – പരിസ്ഥിതി ഗൂഢസംഘം പ്രചരിപ്പിക്കുന്നത്. എന്നാല്‍ എടുക്കുന്ന കരിമണലിന്റെ എണ്‍പതു ശതമാനത്തിലധികം സംസ്‌കരണത്തിനുശേഷം അവിടെതന്നെ നിക്ഷേപിക്കുകയാണ് പതിവ്. കരിമണല്‍ തിട്ടകള്‍ യഥാസമയം മാറ്റിയില്ലെങ്കില്‍ മത്സ്യബന്ധനത്തിനും ഗതാഗതത്തിനും തടസമാണെന്ന് കായംകുളം പൊഴി സാക്ഷ്യം പറയുന്നു. പൊഴിയില്‍ അടിഞ്ഞു കൂടി കിടക്കുന്ന കരിമണല്‍ തിട്ടകളില്‍ തട്ടി ബോട്ടപകടങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പൊഴിയുടെ തെക്കേ ഓരത്തോട് അടുത്താണ് മത്സ്യബന്ധന ബോട്ടുകള്‍ സഞ്ചരിക്കുന്നത്. റീസൈക്കിള്‍ ചെയ്യപ്പെടുന്നു എന്നതാണ് കരിമണല്‍ നിക്ഷേപത്തിനുള്ള പ്രത്യേകത. കുഴിച്ചെടുക്കുമ്ബോള്‍ തീരുകയല്ല, ഓരോ വേലിയേറ്റത്തിലും കരിമണല്‍ വന്നടിഞ്ഞ് കുഴികള്‍ നികത്തപ്പെടുകയാണ് ചെയ്യുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ ധാതുമണലിനായി ഇന്ത്യക്കു മുന്നില്‍ ഭിക്ഷാംദേഹികളായി നില്‍ക്കുമ്ബോഴാണ് നമ്മള്‍ ധാതുസമ്ബത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നത്…!
.ഖനനത്തിന് എതിരല്ലെന്നു നാട്ടുകാര്‍
കരിമണല്‍ എടുക്കുന്നതിന് ആരും എതിരല്ലെന്നും പ്രകൃതിവിഭവം ഉപയോഗിക്കണമെന്നും വെള്ളനാതുരുത്തിലെ നാട്ടുകാര്‍ പറയുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരവാസികളുടെ ആവശ്യങ്ങള്‍ ഇനി പറയുന്നവയാണ്‌ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില നല്‍കുക, പുനരധിവാസം ഉറപ്പാക്കുക, മണല്‍ എടുക്കുന്ന പ്രദേശം കുഴിയായി ഇടാതിരിക്കുക, ധാതുക്കള്‍ വേര്‍തിരിച്ചശേഷം മണല്‍ തിരിച്ചിടുക, പദ്ധതികളില്‍ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കുക. ഇത്രയും കാര്യങ്ങള്‍ ഉറപ്പായും ചെയ്യുമെങ്കില്‍ ഏതു കമ്ബനിയും ഖനനം നടത്തട്ടെ എന്ന് പറയുന്നത് തീരത്തു ജീവിക്കുന്നവര്‍ തന്നെയാണ്. അവര്‍ പറയുന്നതാണ് സത്യവും.