Kerala

കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി; പമ്പാ തീരത്തുള്ളവര്‍ക്ക് മുന്നറിയിപ്പ്

കക്കി ഡാം തുറന്നതോടെ പമ്പാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അഞ്ചുമണിക്കൂറിനകം വടശ്ശേരിക്കരയില്‍ കക്കി ഡാമില്‍ നിന്നുള്ള വെള്ളമെത്തും. പെരുന്നാട്ടില്‍ മൂന്ന് മണിക്കൂറിനുള്ളിലും റാന്നിയില്‍ അഞ്ചുമണിക്കൂറിനുള്ളിലും വെള്ളമെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

കിസുമത്ത് രണ്ട് മണിക്കൂറിനകവും അത്തിക്കയത്ത് മൂന്ന് മണിക്കൂറിനകവുമാണ് ജലനിരപ്പുയരുക. ഡാം തുറന്ന് 13 മണിക്കൂറിനുശേഷമേ ആറന്മുളയിലും ചെങ്ങന്നൂരിലും ജലനിരപ്പുയരൂ. തിരുവല്ലയിലും അപ്പര്‍ കുട്ടനാട്ടിലും കക്കി ഡാമില്‍ നിന്നുള്ള ജലമെത്താന്‍ 15 മണിക്കൂറെടുക്കും.

കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്‍ത്താനാണ് തീരുമാനം. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.

സെക്കന്റില്‍ 100 ക്യുമെക്സ് മുതല്‍ 200 വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 10 മുതല്‍ 15 വരെ സെ.മി പമ്പയില്‍ ജലനിരപ്പ് ഉയരുമെന്നായിരുന്നു വിവരം. ഡാം തുറക്കുന്നത് സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ടയില്‍ ചേര്‍ന്ന ഉന്നതതല യോഗം പൂര്‍ത്തിയായി.