Kerala

കാക്കനാട് ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ്; സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കാക്കനാട് ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയെന്നും എക്‌സൈസ് കണ്ടെത്തി. kakkanad drugs case ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നേരത്തെ പിടിയിലായ പ്രതികളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എക്‌സൈസ് സംഘം കണ്ടെത്തി.

വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും പ്രതികള്‍ക്ക് ആവശ്യമുള്ള പല വസ്തുക്കളും എത്തിച്ചുനല്‍കിയതും സുസ്മിതയാണെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഗൂഡാലോചനകളിലും ഇവര്‍ക്ക് പങ്കുള്ളതായി എക്‌സൈസ് കണ്ടെത്തി. എക്‌സൈസ് ഓഫിസില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് സംഘത്തിലെ ടീച്ചര്‍ എന്നാണ് സുസ്മിത അറിയപ്പെടുന്നത്.

ലഹരിക്കടത്തിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും എക്‌സൈസ് ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ അട്ടിമറി ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അട്ടിമറി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയുണ്ട്. രണ്ടു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസില്‍ രണ്ട് എഫ്‌ഐആര്‍ ഇട്ടതും പ്രതികളെ രണ്ടാമത്തെ കേസില്‍ നിന്ന് ഒഴിവാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും വിവാദമായിരുന്നു.