കയ്പമംഗലത്തെ പമ്പുടമയുടെ കൊലപാതകത്തില്‍ പിടിയിലായവരെയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. പമ്പുടമ മനോഹരന്‍റെ കാറിനെ പിന്തുടര്‍ന്ന് പ്രതികള്‍ തങ്ങളുടെ ബൈക്ക് കാറിലിടിച്ച് അപകടമുണ്ടാക്കിയ കയ്പമംഗലം പമ്പിന് മുന്നിലായിരുന്നു ആദ്യം തെളെവെടുപ്പ്. ഇവിടെ വെച്ചാണ് മനോഹരനെ തട്ടിക്കൊണ്ട് പോയത്. ബലം പ്രയോഗിച്ച് പ്രതികള്‍ മനോഹരനെ കാറില്‍ കയറ്റുന്നതിനിടെ മനോഹരന്‍റെ ഒരു ചെരുപ്പ് ഇവിടെ റോഡില്‍ വീണിരുന്നു, ചെരുപ്പ് ഇവിടെ നിന്നും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ഈ സ്ഥലത്തുള്ള പുല്ല് മനോഹരന്‍റെ കാറില്‍ നിന്നും കിട്ടിയിട്ടുണ്ട്.
പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച മതിലകത്തും തെഴിവെളുപ്പ് നടത്തി. ഒന്നാം പ്രതി അന്‍സാര്‍ ബൈക്ക് ഇവിടെ ഉപേക്ഷിച്ച് മറ്റ് പ്രതികളോടൊപ്പം മനോഹരന്‍റെ കാറില്‍ കയറുകയായിരുന്നു. ബൈക്ക് അന്‍സാറിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. തെളിവെടുപ്പിനിടെ നാട്ടുകാര്‍ രോഷാകുലരായി. ഫോറന്‍സിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി മറ്റ് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പ്രതികളായ അന്‍സാര്‍, അനസ്,സ്റ്റിയോ ജോസ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.