India Kerala

കാടുകളില്‍ കടുവകളുടെ മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍

പാലക്കാട്: കഴിഞ്ഞ രണ്ടുവര്‍ഷമായി വനങ്ങളിലെ കടുവകളുടെ മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ . 2018-ല്‍ 103 കടുവകളാണ് ചത്തത്. 2017-ല്‍ ഇത് 117ഉം ,2016-ല്‍ 121-ഉം.

2012മുതല്‍ 2018വരെ 657 കടുവകള്‍ ചത്തതായാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ (എന്‍.ടി.സി.എ.) കണക്കുകളില്‍ വ്യക്തമാക്കുന്നത് . ഇതില്‍ 131 എണ്ണം വേട്ടയാടലില്‍ കൊല്ലപ്പെട്ടവയാണ് . പ്രതിവര്‍ഷം കടുവകളുടെ മരണനിരക്ക് 100-ല്‍ താഴെയെത്തിച്ചാലേ ഇവയുടെ വംശവര്‍ധന കണക്കാക്കാന്‍ കഴിയു.

സ്വാഭാവികവനത്തില്‍ കടുവകളുടെ സാന്നിധ്യമുള്ള 20 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട് . കടുവകളുടെ മരണനിരക്കില്‍ കേരളത്തിന് ഏഴാം സ്ഥാനമാണ് . 34 കടുവകളാണ് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കേരളത്തില്‍ ചത്തത്. ഇതില്‍ അഞ്ചെണ്ണത്തെ വേട്ടയാടി കൊന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . മറ്റ്‌ നാലെണ്ണത്തിന്റെ മരണകാരണം വ്യക്തമല്ല .കേരളത്തിലെ വനങ്ങളില്‍ കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ കണക്കെടുപ്പില്‍ 136 കടുവകളെ കണ്ടെത്തിയ സ്ഥാനത്ത് ഇത്തവണ 176 കടുവകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇന്ത്യയിലൊട്ടാകെ 2010-ല്‍ 1706 കടുവകളുണ്ടായിരുന്നത്‌ 2014-ല്‍ 2226 ആയി.