ശബരിമലയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവങ്ങളായിരുന്നു അന്ന് നടന്നതെന്നും കടകംപള്ളി ഓര്‍മിപ്പിച്ചു. വിശാല ബെഞ്ചിന്‍റെ വിധി എന്തായാലും വിശ്വാസികളുമായും രാഷ്‍ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചേ തീരുമാനത്തിലെത്തൂവെന്നും അദ്ദേഹം പ്രതികരിച്ചു.
‘2018 ല്‍ നടന്നത് ഒരു പ്രത്യേക സംഭവമാണ്. ആ സംഭവത്തില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പിന്നീടുണ്ടായ പ്രശ്‌നങ്ങളും ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കി. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ പരിഗണനയിലിരിക്കുകയാണ് വിധി. അത് എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ.അക്കാര്യം ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുമുണ്ട്. അന്നെടുത്ത കേസുകള്‍ എല്ലാം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.’ മന്ത്രി പറഞ്ഞു.
എന്നാൽ കടകംപള്ളിയുടേത് കള്ളക്കണ്ണീരാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രതികരണം. നിമിഷം കൊണ്ട് സുപ്രീംകോടതിയിലെ സത്യവാങ് മൂലം മാറ്റാവുന്നതാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.