ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോകാന്‍ ആഗ്രഹിക്കുന്നവര്‍ സുപ്രീംകോടതി ഉത്തരവുമായി വരണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ യുവതീ പ്രവേശനത്തിൽ തുടർനടപടി സ്വീകരിക്കുകയുളളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കൂടുതൽ കടുപ്പിച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തിയത്. ദർശനം നടത്താനെത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി ഉൾപ്പടെയുളളവരെ രൂക്ഷമായി വിമർശിച്ചാണ് കടകംപളളി സുരേന്ദ്രൻ സർക്കാർ നയം വ്യക്തമാക്കിയത്.
ആക്ടിവിസ്റ്റുകള്‍ക്ക് കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇത് തന്‍റെ തുടക്കം മുതലുള്ള നിലപാടാണ്. ഞങ്ങളിതാ ശബരിമലയിലേക്ക് വരാന്‍ പോകുന്നുവെന്ന് വാര്‍ത്താ സമ്മേളനം നടത്തുന്നവർക്ക് വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ദേവസ്വം മന്ത്രി വിമർശിച്ചു.
യുവതീ പ്രവേശന വിധി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ധര്‍ക്കിടയില്‍ വിരുദ്ധ അഭിപ്രായമുണ്ട്. പഴയവിധി അസ്ഥിരപ്പെട്ടുവെന്ന് ഒരു വിഭാഗം. ആ വിധി നിലനില്‍ക്കുന്നുവെന്ന് മറ്റൊരു കൂട്ടര്‍. ഇത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുളള നിയമവശങ്ങൾ ചർച്ചചെയ്യുന്നതിനായി അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചേക്കില്ലെന്നാണ് വിവരം.