സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. കത്ത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. ഒൻപതാം തിയതി വരെ സമയമുണ്ട്. തീരുമാനം ഹൈക്കമാൻഡ് നിലപാട് അറിഞ്ഞ ശേഷമെന്ന് കെ വി തോമസ് പ്രതികരിച്ചു.
പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷയാണ് തീരുമാനമെടുക്കേണ്ടത്. കണ്ണൂരിൽ നടക്കുന്നത് ദേശീയ സമ്മേളനമാണ്. ദേശീയ തലത്തിൽ പാർട്ടികൾ തമ്മിൽ ഐക്യം നിലനിൽക്കുന്നുണ്ട്. എന്നാൽ സംസ്ഥാന തലത്തിൽ അങ്ങനെയല്ല. രണ്ട് ചേരികളിലായി നിൽക്കുകയാണെന്നും അങ്ങനെ നിൽകുമ്പോൾ ഏറ്റുമുട്ടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അത് മനസിലാക്കുന്ന ഒരാളാണ് താനെന്ന് കെ വി തോമസ് വ്യക്തമാക്കി.
ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണിച്ചിരുന്നത്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ.
വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെ, സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.