India Kerala

മാര്‍ക്ക് ദാനം; മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ജയിലിൽ അധികാരപരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്. സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം നൽകിയതിനെതിരെയാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ പരാമർശം. എന്നാല്‍ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലറായ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയാല്‍ പ്രതികരിക്കാമെന്നായിരുന്നു ജലീലിന്‍റെ പ്രതികരണം.

സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച അദാലത്തില്‍ വെച്ച് ഒരു ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷ പേപ്പർ മൂന്നാം തവണ പുനർമൂല്യനിർണയം നടത്താൻ മന്ത്രി നിർദേശം നൽകിയത് വിവാദമായിരുന്നു. പ്രതിപക്ഷ വിമർശനമുയർന്നെങ്കിലും സർവകലാശാലയും സർക്കാരും മന്ത്രിയെ ന്യായീകരിക്കുകയാണ് ചെയ്തത്. എന്നാൽ സർവകലാശാലയുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് മന്ത്രി അധികാരപരിധി ലംഘിച്ചു എന്ന് വ്യക്തമാക്കുകയാണ് ഗവർണറുടെ സെക്രട്ടറി ചെയ്തിരിക്കുന്നത്.

ഇത്തരമൊരു തീരുമാനം എടുക്കാൻ അദാലത്തിന് അധികാരമില്ല, അധികാരമില്ലാതെ അദാലത്ത് തീരുമാനിച്ചത് വൈസ് ചാൻസലർ അംഗീകരിച്ചതും തെറ്റ്. ആ തീരുമാനത്തിലേക്ക് നയിച്ചത് മന്ത്രിയുടെ നിർദ്ദേശം ആയതിനാൽ അത് മന്ത്രിയുടെ അധികാര പരിധിയുടെ ലംഘനമാണെന്നും ഗവർണറുടെ സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥിക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാൻ അദാലത്തെടുത്ത തീരുമാനം തള്ളിക്കളഞ്ഞ കണ്ണൂർ സർവ്വകലാശാലയുടെ നടപടിയെ എടുത്തുകാണിക്കുകയും ചെയ്യുന്നുണ്ട് റിപ്പോര്‍ട്ടില്‍.

റിപ്പോര്‍ട്ട് തന്‍റെ മുന്നിലെത്തിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. റിപ്പോര്‍ട്ടിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും ചട്ടലംഘനം നടത്തിയില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രിയും പ്രതികരിച്ചു. ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടോടെ സാങ്കേതിക സര്‍വകലാശാല വിവാദം വീണ്ടും സജീവമാകും.