Kerala

രണ്ട് മണ്ഡലങ്ങളില്‍ പറന്നെത്താന്‍ ഹെലികോപ്ടറുമായി സുരേന്ദ്രന്‍

സ്ഥാനാർഥികൾ മൂന്ന് പേരും മണ്ഡലത്തില്‍ കളം നിറഞ്ഞതോടെ കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. റോബിൻ പീറ്ററിനായി അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചപ്പോൾ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ സുരേന്ദ്രൻ ഹെലികോപ്ടറില്‍ എത്തിയാണ് പ്രചാരണം ആരംഭിച്ചത്.

പ്രചാരണത്തില്‍ ഒരു ചുവട് മുന്നില്‍ നില്‍ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെനീഷ് കുമാര്‍ നാമനിര്‍ദേശം നല്‍കിയ ദിവസമാണ് മറ്റ് രണ്ട് എതിരാളികളും പ്രചാരണം ആരംഭിച്ചത്. മഞ്ചേശ്വരത്ത് നിന്നും ഹെലികോപ്ടറിലെത്തി മാസ് എന്‍ട്രിയോടെ തുടക്കമിട്ട കെ സുരേന്ദ്രന്‍ റോഡ് ഷോ നടത്തിയാണ് പ്രചാരണം ആരംഭിച്ചത്.

റോബിന്‍ പീറ്ററിനായി നേതൃത്വത്തോട് ചര്‍ച്ചകള്‍ നടത്തി സീറ്റ് ചോദിച്ച് വാങ്ങിച്ച അടൂര്‍ പ്രകാശ് എം.പിയുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫിന്‍റെ ആദ്യ പ്രചാരണം. റോഡ് ഷോയില്‍ നൂറ് കണക്കിന് വാഹനങ്ങളെയും പ്രവര്‍ത്തകരെയും അണിനിരത്തി പ്രകാശ് – റോബിന്‍ സഖ്യം കരുത്ത് തെളിയിച്ചു.

രണ്ട് ദിവസം ഇടവിട്ട് മഞ്ചേശ്വരത്ത് നിന്നും കോന്നിയിലെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനാണ് കെ സുരേന്ദ്രന്‍ ശ്രമിക്കുക. മണ്ഡലം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രചാരണത്തിനാണ് യുഡി.എഫ് ക്യാമ്പ് പദ്ധതിയിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖരെ കോന്നിയിലെത്തിച്ച് രണ്ടാം ഘട്ട പ്രചാരണം കൊഴുപ്പിക്കാനാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം.