Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക; കെ സുരേന്ദ്രൻ; ബിജെപി നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് കെ സുരേന്ദ്രൻ. ബിജെപി ഏറ്റവും ശക്തനായ സ്ഥാനാർഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മാറിയ സാമൂഹിക സഹചര്യം ബിജെപിക്കും എൻഡിഎക്കും വളരെ അനുകൂലമാകും. കെ റെയിൽ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസ‍ര്‍ക്കാരിൻ്റെ നിലപാട് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും തൃക്കാക്കരയിൽ ആം ആദ്മി പാ‍ര്‍ട്ടി മത്സരരംഗത്ത് നിന്നും മാറിയതിനാൽ അതിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സ്വാഭാവികമായി ചർച്ചയാകും.

ക്രൈസ്തവ സഭയ്ക്ക് ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടായി മാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന സ‍ര്‍ക്കാര്‍ ശ്രമിച്ചിട്ടും തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി പി.സി.ജോര്‍ജ് പ്രചാരണത്തിന് വരുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അതിനിടെ ബിജെപി സ്ഥാനാര്‍ത്ഥി എ.എൻ രാധാകൃഷ്ണൻ ഉപതെരഞ്ഞെടുപ്പിൽ നാമനി‍ദേശപത്രിക സമ‍ര്‍പ്പിച്ചു. രണ്ട് സെറ്റ് പത്രികയാണ് എ.എൻ.രാധാകൃഷ്ണൻ സമ‍ര്‍പ്പിച്ചത്. തൃക്കാക്കര ഗാന്ധി സ്ക്വയറിൽ നിന്നും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കൾക്കൊപ്പം ജാഥയായിട്ടാണ് പത്രികാ സമ‍ര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി എത്തിയത്.