India Kerala

സുധാകരന്‍റെ വിജയം എല്‍.ഡി.എഫ് കോട്ടകളില്‍ ആധിപത്യം ഉറപ്പിച്ച്

എല്‍.ഡി.എഫ് കോട്ടകളില്‍ മേധാവിത്വം ഉറപ്പിച്ച് കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന് ഉജ്ജ്വല വിജയം. 94559 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സുധാകരന്‍ കണ്ണൂര്‍ തിരിച്ച് പിടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ഇത്തവണ ബി.ജെ.പിക്ക് കണ്ണൂരില്‍ നേടാനായില്ല.

വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ നിമിഷം മുതല്‍ കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരനായിരുന്നു മുന്‍കൈ. ആദ്യറൌണ്ടില്‍ 4056 വോട്ടുകളുടെ ഭൂരിപക്ഷം നേടി വ്യക്തമായ മുന്നേറ്റം സൃഷ്ടിച്ച സുധാകരന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങള്‍ക്കും സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനുമുളള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ധര്‍മടം, മട്ടന്നൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഒഴികെ മറ്റ് അഞ്ചിടത്തും യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം നേടാനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89343 വോട്ടുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ 67509 വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നിന്ന് നേടാനായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19170 വോട്ട് നേടിയ എസ്.ഡി.പി.ഐക്കും ഇത്തവണ വോട്ട് കണക്കില്‍ 10000 കടക്കാനായില്ല. എല്‍.ഡി.എഫ് കോട്ടകളിലുണ്ടായ വോട്ട് നഷ്ടവും ബി.ജെ.പിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവും വരുംദിവസങ്ങളില്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാകാനാണ് സാധ്യത.