Kerala

കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരും സുധാകരനൊപ്പം ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ശേഷം കെ.പി.സി.സി നേതൃയോഗവും ചേരും. അതേ സമയം പുനസംഘടനയുടെ കാര്യത്തില്‍ കെ സുധാകരന്‍ ഏകപക്ഷീയമായി പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ഗ്രൂപ്പുകള്‍ കടുത്ത അതൃപ്തിയിലാണ്.

രാവിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷം പത്തരയോടെ കെ സുധാകരന്‍ കെപിസിസി ആസ്ഥാനത്ത് എത്തും. തുടര്‍ന്ന് സേവാദള്‍ വോളന്‍റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. പതാക ഉയര്‍ത്തിയ ശേഷം 11 മണിയോടെ ചുമതലയേല്‍ക്കും.

xവര്‍ക്കിങ് പ്രസിഡന്‍റുമാരായ ടി സിദ്ദീഖ്,പിടി തോമസ്,കൊടുക്കുന്നില്‍ സുരേഷ് എന്നിവരും സ്ഥാനം ഏല്‍ക്കും. ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. എന്നാല്‍‌ പുനസംഘടനയ്ക്കായി അഞ്ച് അംഗ സമിതിയെ നിയോഗിക്കുമെന്ന കെ സുധാകരന്‍റെ പ്രസ്താവനയില്‍ എ, ഐ ഗ്രൂപ്പുകള്‍ അതൃപ്തരാണ്. ഏകപക്ഷീയമായി തീരുമാനങ്ങള് പ്രഖ്യാപിക്കുന്നതായി കാണിച്ച് ഹൈക്കമാന്‍റിന് പരാതി നല്‍കാനാണ് നീക്കം. എന്നാല്‍ ആക്ഷേപങ്ങളെ കെ സുധാകരന്‍ തള്ളി

ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് നീക്കം ആരംഭിച്ചു. സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര് നേതാക്കളുമായി ആശയവിനിമയം നടത്തും.