Kerala

രാജ്യസഭാ സീറ്റ് വിവാ​ദം; നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കെ. സുധാകരൻ

രാജ്യസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഹൈക്കമാൻഡ് മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും വിശദമായ ചർച്ച നടത്തി നാളെ തീരുമാനം കൈക്കൊള്ളുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന തലത്തിലുള്ള പ്രധാന നേതാക്കളുമായി ചർച്ച നടത്തി മാനദണ്ഡങ്ങൾ തീരുമാനിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ. യുവാക്കൾക്കാണ് പ്രധാന പരി​ഗണന നൽകുന്നത്. ലിജുവും സതീശൻ പാച്ചേനിയും ഉൾപ്പടെയുള്ളവർ പരി​ഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റ് നിർണയത്തിൽ വിവാദമുയർന്ന പശ്ചാത്തലത്തിൽ സോണിയാ ​ഗാന്ധിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയാ ​ഗാന്ധിയുടെ വസതിയിലാണ് നിർണായക കൂടിക്കാഴ്ച്ച നടന്നത്.

കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് പരി​ഗണിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് നേരത്തേ രം​ഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണമാണ് കോൺ​ഗ്രസിന് ലഭിക്കുക. ഈ സീറ്റിലേയ്ക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരി​ഗണിക്കണമെന്നതാണ് കെ.പി.സി.സിയുടെ നിലപാട്.

എം ലിജു, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്. ലിജുവിനൊപ്പം കെ സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസൻ കൃഷ്ണൻ. ശ്രീനിവാസൻ കൃഷ്ണന്റെ പേര് പരിഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. റോബർട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസുകളിൽ ആരോപണ വിധേയനാണ് ശ്രീനിവാസൻ കൃഷ്ണൻ. പ്രിയങ്ക ഗാന്ധിയുടെ നോമിനിയായി 2018 മുതൽ ശ്രീനിവാസൻ കൃഷ്ണൻ എഐസിസി ഭാരവാഹിയായി പ്രവർത്തിക്കുകയാണ്.

തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ ഹൈക്കമാന്‍ഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. സംസ്ഥാനനേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശിച്ചത്.